ഫോര്‍ട്ട് കൊച്ചി: നാലാമത് കൊച്ചി മുസിരീസ് ബിനാലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 108 ദിവസം നീണ്ടു നില്‍ക്കുന്ന ബിനാലെയില്‍ ലോകത്തെമ്പാടു നിന്നും 96 കലാകാരന്മാര്‍ പങ്കെടുക്കും.

കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജീവിതത്തില്‍ കലയ്ക്കുള്ള പ്രാധാന്യത്തെ കുറിച്ചും കൊച്ചിയെ കലയുടെ ആഘോഷ വേദിയാക്കി മാറ്റുന്നതിലും ബിനാലെയ്ക്കുള്ള പങ്കിനെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. കൂടാതെ പ്രളയയാനന്തരകാലത്ത് സംസ്ഥാനം കടന്നു പോകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ബിനാലെ നടത്താനുള്ള തീരുമാനം എടുത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

”നിങ്ങള്‍ക്ക് അറിയുന്നത് പോലെ, പ്രളയത്തിന് ശേഷം പുന:നിര്‍മ്മിതിയുടെ പാതയിലാണ് കേരളം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുമ്പോഴും അത് ബിനാലെയെ ബാധിക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ തവണ അനുവദിച്ച അത്ര തന്നെ ഫണ്ട് ഇക്കൊല്ലവും ബിനാലെയ്ക്ക് നല്‍കിയിട്ടുണ്ട്” മുഖ്യമന്ത്രി പറഞ്ഞു.

”ജീവിതം പൂര്‍ണമാകണമെങ്കില്‍ കല അത്യാവശ്യമാണ്. കലയില്ലെങ്കില്‍ മനുഷ്യ ജീവിതം മൃഗ ജീവിതത്തിന് തുല്യമാകും. കലയും സംസ്‌കാരവുമാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്. സംസ്ഥാനത്ത് കല വളര്‍ത്താനുള്ള അവസരങ്ങളില്‍ വിട്ടുവീഴ്ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറല്ല” എന്നും അദ്ദേഹം പറഞ്ഞു.biennale

ഇത്തവണത്തെ ബിനാലെയുടെ ക്യൂറേറ്റര്‍ അനിതാ ദുബെയാണ്. ഇതാദ്യമായാണ് ഒരു വനിത ബിനാലെയുടെ ക്യൂറേറ്ററാകുന്നത്. ഇത്തവണ പുരുഷന്മാരേക്കാള്‍ സ്ത്രീകളും ഭിന്നലിംഗക്കാരും ആണ് ബിനാലെയില്‍ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അന്യതയില്‍ നിന്നും അന്യോന്യതയിലേക്ക് എന്നതാണ് ബിനാലെയുടെ ക്യൂറേറ്റര്‍ പ്രമേയം. അറിവ് നേടാനും പകര്‍ന്ന് നല്‍കാനുമുള്ള പരീക്ഷണ ശാലയായി ബിനാലെ നാലാം ലക്കം മാറുമെന്ന് അനിത ദുബെ പറഞ്ഞു.biennale

100 രൂപയാണ് ബിനാലെ പ്രദര്‍ശനങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. ആസ്പിന്‍വാള്‍ ഹൗസില്‍ ദിവസത്തില്‍ 3 തവണയും മറ്റ് വേദികളില്‍ ഒരു തവണയുമാണ് പ്രവേശനം അനുവദിക്കുന്നത്. 500 രൂപയുടെ ഗ്രൂപ്പ് ടിക്കറ്റ് എടുത്താല്‍ രണ്ട് പേര്‍ക്ക് 3 ദിവസത്തേക്ക് എല്ലാ വേദികളിലും പരിധിയില്ലാതെ പ്രവേശനം അനുവദിക്കും. പതിനെട്ട് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ നല്‍കിയാല്‍ മതിയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.