കൊച്ചി: പി സി ജോര്‍ജിനും സംഘപരിവാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്ക്കു വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതിയെന്നു മുഖ്യമന്ത്രി പി.സി. ജോർജിനെ ലക്ഷ്യം വച്ച് പറഞ്ഞു. ജോര്‍ജിനെ പിന്തുണയ്ക്കുന്നതിലൂടെ ക്രൈസ്തവരെ സംരക്ഷിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ ആക്രമണം നടത്താനാണ് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകും. പി. സി ജോർജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗീയത കലർത്താനാണ് ബിജെപി ശ്രമിക്കുന്നത്. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് ബിജെപി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. അയാൾ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ സംരക്ഷിക്കുന്നതിലൂടെ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നുവെന്നാണ് ബിജെപി പറയുന്നത്. ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിൻകൂട്ടത്തിന് അത് നന്നായി അറിയാം.
ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നതെന്നാണ് ബിജെപി വാദം. രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാർ ആക്രമണങ്ങൾ മറക്കരുത്. രാജ്യത്ത് സംഘപരിവാര്‍ ഏറ്റവുമധികം വേട്ടയാടിയതു ക്രൈസ്തവരെയും മുസ്‌ലിംകളെയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.