തിരുവനന്തപുരം: നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ചെയ്തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും എന്നതാണ് ഇടത്പക്ഷ സർക്കാരിന്റെ നിലപാട് എന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ദേവികുളത്ത് റവന്യൂ ജീവനക്കാര്‍, റവന്യൂ ഭൂമിയില്‍ കയ്യേറ്റം നടത്തുന്നത് ഒഴിപ്പിക്കുകയുണ്ടായി. ഈ നടപടി ശരി തന്നെയാണ്. ഭൂസംരക്ഷണ സേനയോടൊപ്പമാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ പോയത്. പോലീസിനെ അറിയിക്കാതെ അവിടേക്ക് പോയ നടപടി ശരിയായില്ല. അതുകൊണ്ടാണ് 21.04.2017 ന് ഉന്നതതല യോഗത്തില്‍ വെച്ച് റവന്യൂ-പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഏകോപനസംവിധാനമുണ്ടാക്കണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ കൂട്ടായി ശ്രമിക്കണമെന്നും നിര്‍ദ്ദേശിച്ചത് ‘ പിണറായി വിജയൻ പറയുന്നു.

പാപ്പാത്തിച്ചോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് മതിയായ നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന നിലപാട് പിണറായി വിജയൻ ഇന്ന് വീണ്ടും ആവർത്തിച്ചു. ‘പപ്പാത്തിചോലയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കയ്യേറിയ ഭൂമിയില്‍ ക്രിസ്ത്യന്‍ ജീസസ് സഭ കുരിശ് സ്ഥാപിച്ചു എന്നതിന്റെ പേരില്‍ അര്‍ദ്ധരാത്രി 1 മണിക്കാണ് 144 പ്രഖ്യാപിച്ചത്. പുലര്‍ച്ചെ കുരിശ് തകര്‍ക്കുകയും ചെയ്തു. പോലീസ് അറിയാതെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമമനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുവാന്‍ കളക്റ്റര്‍ക്ക് അധികാരമുണ്ടെങ്കിലും പോലീസുമായി കൂടിയാലോചന നടത്തി മാത്രമേ ഇത്തരം അധികാരം സാധാരണ നിലയില്‍ ഉപയോഗിക്കാറുള്ളൂ.’ പിണറായി വിജയൻ പറയുന്നു.

‘ഇടുക്കി ജില്ലയിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ കാര്യമെടുത്താല്‍ പലതും പട്ടയമില്ലാത്ത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യവും കൂട്ടായ അലോചനയുടെ ഭാഗമായി തീരുമാനമെടുത്ത് പോകേണ്ടതാണ്.റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ഒഴിവാക്കണമെന്ന ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കഴിയുന്നതും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനും ജനങ്ങളുടെ പിന്തുണയോടെ ഈ പ്രശ്നം പരിഹരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു.

‘ എം.എം. മണി അവിടത്തെ പ്രശ്നങ്ങളെക്കുറിച്ച് നേരിട്ടറിവുള്ള വ്യക്തിയാണ്. ആ നാടിന്റെ ശൈലി അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നുവരാറുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങളെ പര്‍വ്വതീകരിച്ച് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. എം.എം. മണിയുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രശ്നവും ഉയര്‍ന്നുവന്നിട്ടുണ്ട് എന്ന് മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ