/indian-express-malayalam/media/media_files/RUTd7Rm5lNQ0gINj8G2L.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിന്റെ സമാപന ദിവസം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
തിരുവനന്തപുരം: "അടി.. അടി.. അടി" എന്ന് പറഞ്ഞ് പ്രകോപനമുണ്ടാക്കിയത് പ്രതിപക്ഷ നേതാവാണെന്നും, താൻ സംയമനം പാലിക്കണമെന്നാണ് ആവശ്യമുന്നയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ സമാപന ദിവസം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസിനെതിരായ പ്രതിപക്ഷ പ്രതിഷേധമടക്കം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പൊലിസ് നടപടിയേയും മുഖ്യമന്ത്രി പിന്തുണച്ചു.
"പൊലിസ് നടപടിയിൽ വിശ്വാസക്കുറവില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഗൂഢാലോചനക്കാരുണ്ട്. പൊലിസ് നടപടി തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പൊലിസ് നടപടി തെറ്റാണെങ്കില്‍ നിങ്ങള്‍ തെളിവുകൾ സമർപ്പിക്കാം. എനിക്കത് പരിശോധിക്കേണ്ട കാര്യമില്ല. സാധാരണ മാധ്യമ പ്രവർത്തനം ഗൂഢാലോചനയല്ല, അതിൽ നിന്ന് വ്യത്യസ്തത വരുമ്പോഴാണ് പ്രശ്നം വരുന്നത്. ഒച്ച ഉയർത്തി ആരും വിരട്ടാമെന്ന് കരുതേണ്ട" മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സ് എന്ന ഈ ജനകീയ സംവാദ പരിപാടി ജനാധിപത്യ ഭരണ നിർവ്വഹണ ചരിത്രത്തിലെ അത്യപൂർവ്വമായ അധ്യായമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. "വടക്കേയറ്റമായ മഞ്ചേശ്വരം മുതൽ തെക്കേ അറ്റത്തെ പാറശാല വരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസം കൊണ്ട് ഇന്ന് പൂർത്തിയാക്കുകയാണ്. ഈ യാത്രയിൽ ജനങ്ങളെ കാണുന്നതിനോടൊപ്പം കഴിഞ്ഞ വർഷങ്ങളിൽ പൂർത്തിയാക്കിയ വികസന നടപടികൾ നേരിട്ട് വിലയിരുത്താനും മന്ത്രിമാർ ശ്രമിച്ചിട്ടുണ്ട്," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
"പൈവെളിഗെയിൽ ഉദ്ഘാടന വേദിയിലേക്ക് പോകുമ്പോൾ വാഹനം നിർത്തി ഞങ്ങൾ ദേശീയ പാതാ വികസനത്തിന്റെ പൂർത്തീകരണ രംഗങ്ങൾ കാണുകയുണ്ടായി. കാസർഗോഡ് തലപ്പാടി മുതൽ കേരളത്തിൻ്റെ അടിസ്ഥാനസൗകര്യ മേഖലയിൽ വൻകുതിപ്പു സൃഷ്ടിക്കാൻ ഈ പാത കൊണ്ട് സാധിക്കും. മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി സാധ്യമായത് 2016 ലെ സർക്കാരിൻ്റെ ഇടപെടൽ കാരണമാണ്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത വിധം സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാര തുകയിൽ 25 ശതമാനം സംസ്ഥാനം വഹിക്കേണ്ടി വന്നു. ഇതുവരെ കിഫ്ബി വഴി 5,580.74 കോടി രൂപ സംസ്ഥാനം ചെലവഴിച്ചിട്ടുണ്ട്. 2025 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ പാതാ വികസനം നമ്മുടെ നേട്ടങ്ങളുടെ ഒരു ഭാഗം മാത്രമാണ്. പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽ പി ജി ഇമ്പോർട്ട് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കണക്ഷൻ എത്തിക്കുന്ന നടപടി വിവിധ ജില്ലകളിൽ പുരോഗമിക്കുന്നു. അതോടൊപ്പം സി എൻ ജി സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കും അതിവേഗം നടക്കുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകൾ സ്ഥാപിക്കുന്നതിനായി ആദ്യ കപ്പലുകൾ എത്തിച്ചേർന്നിട്ടുണ്ട്. 2024 ൽ തുറമുഖം കമീഷൻ ചെയ്യാൻ സാധിക്കും. വിഴിഞ്ഞം പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി വിപുലമായ തലസ്ഥാന മേഖല വികസന പരിപാടിക്ക് തുടക്കം കുറിക്കാൻ പോവുകയാണ്. വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ഇതിന്റെ ഭാഗമാണ്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും ഇരു വശങ്ങളിലുമായി നോളേജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയുമാണ് സർക്കാർ വിഭാവനം ചെയ്യുന്നുന്നത്," മുഖ്യമന്ത്രി പറഞ്ഞു.
Read More Related News Stories:
- Covid: സിംഗപ്പൂരിൽ അരലക്ഷം കടന്ന് കോവിഡ് രോഗികൾ; അമേരിക്കയിൽ 23,432 പേർ ആശുപത്രിയിൽ
- ഗവർണർ കാണിക്കുന്നത് കേരളത്തോടുള്ള വിരോധം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കും: മുഖ്യമന്ത്രി
- 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവം, നാല് പേർ അറസ്റ്റിൽ
- സോഷ്യൽ മീഡിയയിലെ 'വിപ്ലവകാരി'യോ, മൃദുഭാഷിയായ മാഷോ?; അറിയാം, പാർലമെന്റ് പ്രതിഷേധത്തിന്റെ 'സൂത്രധാരൻ' ലളിത് ഝായെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us