തിരുവനന്തപുരം: രാജ്യസഭ എം.പി സുരേഷ് ഗോപിക്ക് എതിരെ രൂക്ഷ വിമർശനുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപി രാഷ്ട്രീയപരമായ പക്വത നേടണമെന്നും കേരളത്തിന്റെ വികസനത്തിനായി അർപ്പണ ബോധത്തോടെ പ്രവർത്തിക്കണമെന്നുമാണ് പിണറായിയുടെ ഉപദേശം . കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയേയും കേരളത്തിന്റെ വികസന പദ്ധതികളെപ്പറ്റിയും കളിയാക്കി സുരേഷ് ഗോപി മുംബൈയിൽ പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് പിണറായി വിജയൻ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ സുരേഷ് ഗോപിയെ വിമർശിച്ചിരിക്കുന്നത്.

കേരളത്തെക്കുറിച്ച് സുരേഷ് ഗോപി നടത്തിയ പരമാർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വികസനത്തിന് തടസ്സം നിൽക്കുന്ന മാക്രിക്കൂട്ടം എന്ന് ഉദ്ദേശിച്ചത് ആരെയാണ് വ്യക്തമാക്കണം എന്നും പറയുന്നുണ്ട്. ഇത്രയും തരംതാണ വാക്കുകൾ എന്തിനാണ് ഉപയോഗിച്ചത് എന്ന് മനസ്സിലാകുന്നില്ലെന്നും പിണറായി തന്റെ ഫെയിസ്ബുക്ക് പേജിൽ കുറിച്ചു. ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം , എന്നിട്ടും കേരളത്തെ കളിയാക്കുന്ന തരത്തിൽ സംസാരിച്ചത് ശരിയായില്ലെന്നും പിണറായി പറയുന്നുണ്ട്.

“കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാർട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ് ” പിണറായി വിജയൻ ചോദിക്കുന്നു.

എം പി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകും എന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി തന്റെ ഫെയിസ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ