Latest News

ക്യാംപസുകളില്‍ രക്തം വീഴ്ത്തുന്ന ആപത്കരമായ കളിയില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം: പിണറായി

വിദ്യാർഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണമെന്നും പിണറായി

Pinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam

തിരുവനന്തപുരം: ജെഎന്‍യു സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന കടന്നാക്രമണം അസഹിഷ്‌ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാംപസിൽ വിദ്യാർഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണ്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്റിനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തടയാൻ എബിവിപിക്കാർ തയ്യാറായി എന്ന വാർത്ത കലാപ പദ്ധതിയുടെ വ്യാപ്‌തി സൂചിപ്പിക്കുന്നതാണെന്ന് പിണറായി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഭീകര സംഘത്തിന്റെ സ്വഭാവമാർജിച്ചാണ് ക്യാംപസിൽ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാംപസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽ നിന്ന് സംഘപരിവാർ ശക്തികൾ പിന്മാറണമെന്ന് പിണറായി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.

Read Also: ജെഎന്‍യുവിലെ സംഘര്‍ഷം ആസൂത്രിതം? തെളിവായി വാട്‌സാപ്പ് സന്ദേശങ്ങള്‍

സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും ജെഎൻയു അക്രമ സംഭവങ്ങളെ അപലപിച്ചു.  ഇന്ത്യയെ അവര്‍ ആഗ്രഹിക്കുന്നതുപോലെ മാറ്റാനാണ് ഇതിലൂടെയെല്ലാം ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. എന്നാല്‍, ആ ലക്ഷ്യം നേടാന്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ അനുവദിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. ജെഎന്‍യുവിലെ അധ്യാപകര്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും അക്രമങ്ങള്‍ അഴിച്ചുവിട്ടത് എബിവിപി പ്രവര്‍ത്തകരും ഗുണ്ടകളുമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അധികാരത്തിലിരിക്കുന്നവര്‍ തീരുമാനിച്ച് ഉറപ്പിച്ചുള്ള ആക്രമണമാണ് ജെഎന്‍യുവില്‍ നടന്നത്. ഹിന്ദുത്വ അജണ്ടയെ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ പ്രതിരോധിക്കുന്നതില്‍ ഭയപ്പെട്ടുകൊണ്ടാണ് സംഘപരിവാര്‍ ഇത്തരത്തില്‍ സംഘടിത ആക്രമണം നടത്തുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ജെഎൻയു ക്യാംപസിനുള്ളിൽ വിദ്യാർഥികളെയും അധ്യാപകരെയും വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖമൂടി ധരിച്ച, ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമിക്കപ്പെട്ടവരിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുയു) പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പെടുന്നു. ഐഷെയുടെ തലയ്ക്ക് പരുക്കേറ്റു. അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ജെഎൻയു വിദ്യാർഥി സംഘടന അവകാശപ്പെട്ടു. എന്നാല്‍ എബിവിപി ഇത് നിഷേധിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm piarayai vijayan about jnu student attack abvp

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express