തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ഇനി അധികസുരക്ഷ നൽകേണ്ടതില്ലെന്ന് നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെയാണ് ഈ നിർദ്ദേശം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയിരിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രിക്ക് അനുവദിച്ചിരിക്കുന്ന സെഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രം മതിയെന്നാണ് നിർദ്ദേശം.
സുരക്ഷയ്ക്ക് കൂടുതലായുളള പൊലീസുകാരെ പ്രതിപക്ഷ നേതാവടക്കം മടക്കി അയച്ചിട്ടുണ്ട്. പൊലീസിലെ ദാസ്യപ്പണി വിവാദത്തിന് പിന്നാലെയാണ് തീരുമാനം. മുതിർന്ന ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയത്ത് കെവിൻ എന്ന യുവാവിനെ പ്രണയബന്ധത്തിന്റെ പേരിൽ കാമുകിയുടെ സഹോദരനും അച്ഛനും അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയ ദിവസം മുഖ്യമന്ത്രിക്ക് 350 ഓളം പൊലീസുകാർ കോട്ടയത്തെ പരിപാടിക്ക് സുരക്ഷ അനുവദിച്ചതായി വിമർശനം ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചത്. അതേസമയം മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് കാറ്റഗറിയിൽ തന്നെ വലിയ സുരക്ഷ സന്നാഹം ഉണ്ട്. നാൽപ്പതിലേറെ പേരാണ് ഇതിലുളളത്. ഔദ്യോഗിക വസതിയിൽ മൂന്നു ഷിഫ്റ്റുകളിലായി 12 പൊലീസ് ഉദ്യോഗസ്ഥർ. ആയുധധാരികളായ രണ്ട് അംഗരക്ഷകർ സദാസമയവും ഒപ്പം.
ഇവരിൽ ഒരാളുടെ പക്കൽ ഓട്ടോമാറ്റിക് ആയുധവും രണ്ടാമന്റെ കൈയ്യിൽ താരതമ്യേന ചെറിയ ആയുധവും. അകമ്പടിക്ക് മൂന്നു ഷിഫ്റ്റിൽ 12 പൊലീസുകാർ. പൈലറ്റ് വാഹനത്തിൽ ഒൻപതു പൊലീസുകാർ. പുറമേ റിങ് റൗണ്ട് സുരക്ഷയ്ക്കായി സഫാരി സ്യൂട്ടിൽ കൈത്തോക്കുമായി നാലു കമാൻഡോകൾ. സുരക്ഷാ നിരീക്ഷണത്തിനായി പകൽ രണ്ട് ഓഫിസർമാരും രാത്രി ഒരു ഓഫിസറും ഒപ്പം. സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനം.