സിനിമാ തിയേറ്ററുകൾ അഞ്ച് മുതൽ തുറക്കാം; നിയന്ത്രണങ്ങൾ ബാധകം

നിയന്ത്രണങ്ങൾ ലംഘിച്ചാൽ തിയേറ്ററുകൾക്കെതിരെ കർശന നടപടി

Malayalam films, film shooting, Kerala film chamber

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഈ മാസം അഞ്ച് മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി. നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 മാസത്തോളമായി തിയേറ്ററുകൾ അടഞ്ഞിരുന്നതിനാൽ ഈ രംഗത്ത് തൊഴിലെടുക്കുന്നവർക്ക് നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് തിയേറ്ററുകൾ തുറക്കുക. തിയേറ്ററുകളിൽ സീറ്റുകളുടെ എണ്ണത്തിന്റെ പകുതി ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാനാവുക. പകുതി ടിക്കറ്റുകൾ മാത്രമാണ് വിൽക്കാൻ തിയേറ്ററുകൾക്ക് അനുമതിയുണ്ടാവൂ.

ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങൾ തിയേറ്ററുകൾ പാലിക്കണം. ഇവ ലംഘിച്ചാൽ തിയേറ്ററുകൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതിക്കുമുമ്പു തന്നെ തിയറ്ററുകള്‍ അണുമുക്തമാക്കാൻ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ഐഎഫ്എഫ്‌കെ ഫെബ്രുവരിയിൽ; നാലു നഗരങ്ങളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനം

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്‍റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതല്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല. അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്ഡോറില്‍ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

“പത്തു മാസത്തിലധികമായി കലാപരിപാടികളൊന്നും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം കലാകാരന്മാര്‍ കടുത്ത പ്രയാസം അനുഭവിക്കുകയാണ്. പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കലകളുടെ നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരന്മാര്‍ പ്രകടപ്പിക്കുന്നുണ്ട്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കലാ സാംസ്കാരിക പരിപാടികള്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കും. അനുവദിക്കുന്ന പരിപാടികള്‍ നിബന്ധനകള്‍ പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും,” മുഖ്യമന്ത്രി പറഞ്ഞു

സ്പോര്‍ട്സ് പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കും. എക്സിബിഷന്‍ ഹാളുകള്‍ നിയന്ത്രിത പങ്കാളിത്തത്തോടെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More: കോവിഡ് വാക്‌സിൻ വിതരണം: കേരളത്തിൽ നാല് ജില്ലകളിൽ നാളെ ഡ്രൈറൺ, പുതുവർഷത്തിൽ പ്രതീക്ഷയോടെ

നേരത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി മാർച്ച് മാസങ്ങളിലായി നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം. ആൾക്കൂട്ടം ഒഴിവാക്കാനും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായും നാലു സ്ഥലങ്ങളിലായാണ് ഇത്തവണ മേള നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. ഓരോ നഗരത്തിലും അഞ്ചു തീയേറ്ററുകളിലായി അഞ്ചു ദിവസത്തെ പ്രദര്‍ശനമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും പാലക്കാട്ട് 23 മുതല്‍ 27 വരെയും തലശ്ശേരിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമാണ് മേള സംഘടിപ്പിക്കപ്പെടുക.ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തിയേറ്ററില്‍ പ്രവേശനമുണ്ടാവുക. ഐഎഫ്എഫ്‌കെയ്ക്ക് രജിസ്‌റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ അതതു മേഖലകളില്‍ നടത്തണം. രജിസ്‌ട്രേഷന് അപേക്ഷിക്കുമ്പോൾ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cinema theatres to reopen

The moderation of comments is automated and not cleared manually by malayalam.indianexpress.com