Kerala Lottery Bumper Draw February 10, 2020: കൊച്ചി: ക്രിസ്മസ്-പുതുവത്സര ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ച ആരെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണു വയനാട്ടുകാര്‍. സമ്മാനാര്‍ഹന്‍ ഇതുവരെയും രംഗത്തെത്തിയിട്ടില്ല. ആര്‍ക്കാണു ടിക്കറ്റ് വിറ്റതെന്നതു ലോട്ടറി ഏജന്‍സി ജീവനക്കാര്‍ക്കും നിശ്ചയമില്ല.
Read More: രാജൻ ഇനി കോടീശ്വരൻ; ക്രിസ്മസ്-പുതുവത്സര ബംപർ കണ്ണൂരുകാരന്
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കണ്ണൂരില്‍. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റിനാണ്. എസ്.ടി. 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് ലോട്ടറി സബ് ഓഫീസില്‍നിന്നു വാങ്ങി കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റാണിത്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ ചില്ലറ വില്‍പ്പനസ്റ്റാള്‍ വഴിയാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ജനുവരി 15-നും 17-നുമിടയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് ഉടമ സനീഷ് പറഞ്ഞു.
അതേസമയം, സമ്മാനമര്‍ഹന്‍ ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നു പയ്യന്‍സ് ഏജന്‍സി ജീവനക്കാരന്‍ കുട്ടന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
”മാനന്തവാടിയില്‍ കൂത്തുപറമ്പ് റോഡിലുള്ള ഏജന്‍സി ഷോപ്പിലെ കൗണ്ടറിലാണ് ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റ് വിറ്റത്. എന്നാല്‍ ആരാണു ടിക്കറ്റ് എടുത്തതെന്ന് അറിയില്ല. ഭാഗ്യവാന്‍ ഇതുവരെയും ബന്ധപ്പെട്ടിട്ടില്ല. ഒരുപക്ഷേ അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയതിന്റെ ഷോക്കിലായിരിക്കാം. അല്ലെങ്കില്‍ പേടികൊണ്ടായിരിക്കാം,” കുട്ടന്‍ പറഞ്ഞു.
സമ്മാനാര്‍ഹമായ 12 കോടി രൂപയില്‍ ഏജന്‍സി കമ്മിഷനും നികുതിയും കഴിച്ച് 60 ശതമാനം തുകയായ 7.20 കോടി രൂപയാണു ടിക്കറ്റ് ഉടമയ്ക്കു ലഭിക്കുക. 10 ശതമാനമാണ് ഏജന്‍സി കമ്മിഷന്‍. നികുതി 30 ശതമാനവും (രണ്ടും കൂടി 40 ശതമാനം). കമ്മിഷന്‍ തുകയായ 1.20 കോടിയില്‍നിന്ന് അഞ്ചു ശതമാനം ജിഎസ്ടി കഴിച്ച് 1.14 കോടിയാണ് ഏജന്റിനു ലഭിക്കുക.
Read Also: Kerala Christmas New Year Bumper Lottery 2020: ക്രിസ്മസ് പുതുവത്സര ബംപർ; വിജയികളെ അറിയാം
മൊത്തം 40 ലക്ഷം ടിക്കറ്റുകളാണു ക്രിസ്മസ്-പുതുവത്സര ബംബര്‍ നറുക്കെടുപ്പിനായി ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ 36,84,509 ടിക്കറ്റുകള്‍ വിറ്റു. ഇതേ സമ്മാനത്തുകയുള്ള ഓണം ബംപറിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു.
ടിക്കറ്റ് വില്‍പ്പനയിലൂടെ 98.69 കോടി രൂപയാണ് ഇത്തവണ ലോട്ടറി വകുപ്പിനു ലഭിച്ചത്. ഒപ്പം 12 ശതമാനം ജിഎസ്ടിയായി 11.84 കോടി രൂപയും ലഭിക്കും. 29.93 കോടി രൂപയാണു സര്‍ക്കാരിനു ലഭിക്കുന്ന മൊത്തം ലാഭം.