/indian-express-malayalam/media/media_files/uploads/2020/02/lottery-2-1.jpg)
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്-പുതുവത്സര ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത് കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജന്‍. ബി.ആര്‍. 71-ാമത് നറുക്കെടുപ്പില്‍ കൂത്തുമ്പ് പയ്യന്‍ ലോട്ടറി ജനുവരിയില്‍ വില്പപന നടത്തിയ ST 269609 എന്ന ടിക്കറ്റെടുത്ത രാജനാണ് ഭാഗ്യശാലി. ഒന്നാം സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
"ഏകദേശം 20 ദിവസം മുമ്പാണ് ഞാൻ ലോട്ടറി ടിക്കറ്റ് എടുത്തത്. എനിക്ക് കുറച്ച് കടങ്ങളുണ്ട്. ലോട്ടറി അടിച്ചാൽ എന്റെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചു. എനിക്ക് അഞ്ച് ലക്ഷം രൂപ കടമുണ്ട്. ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയോടെയാണ് ഞാൻ ഓരോ തവണയും ടിക്കറ്റെടുക്കുന്നത്. അതിനാൽ ജയിക്കുമെന്ന പ്രതീക്ഷ എപ്പോഴും ഉണ്ടായിരുന്നു. എല്ലാ ദിവസവും ഞാൻ ടിക്കറ്റ് വാങ്ങാറുണ്ട്. ഇക്കഴിഞ്ഞ ഓണം ബംപറും എടുത്തിരുന്നു. പക്ഷേ സമ്മാനം കിട്ടിയില്ല. മുൻപ് പലപ്പോഴആയി 1000 രൂപ, 2000 രൂപ, 5000 രൂപ എന്നിങ്ങനെ കിട്ടിയിട്ടുണ്ട്. എനിക്ക് എല്ലായ്‌പ്പോഴും ഏറ്റവും അടുത്തുള്ള നമ്പർ നഷ്‌ടപ്പെടും. അടുത്തിടെ, വളരെ അടുത്ത നമ്പറിലൂടെ 50000 രൂപ സമ്മാനം നഷ്ടപ്പെട്ടു. എന്നെപ്പോലുള്ള ഒരു ദിവസവേതന തൊഴിലാളിയെ സംബന്ധിച്ചിടത്തോളം 300 രൂപയ്ക്ക് ടിക്കറ്റ് വാങ്ങുന്നത് എളുപ്പമല്ല. പക്ഷേ ഇപ്പോഴും ഞാൻ ടിക്കറ്റ് വാങ്ങാറുണ്ട്," രാജൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
Read More: Kerala Lottery Akshaya AK-432 Result: അക്ഷയ AK-432 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്
പ്ലസ്ടുവിൽ പഠിക്കുന്ന തന്റെ മകൾ അക്ഷരയ്ക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്നതാണ് രാജന്റെ ഏറ്റവും വലിയ ആഗ്രഹം. മൂത്തമകൾ ആതിര വിവാഹിതയായി. ഏകമകനും ദിവസവേതന ജോലിക്കാരനാണ്. ഭാര്യ രജനി അങ്കണവാടി ജീവനക്കാരിയാണ്.
"എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ട്. അത് പണിയാൻ ഞാൻ വായ്പ എടുത്തിരുന്നു. എന്നാൽ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്തതു മൂലം ജപ്തിയുടെ വക്കിലായിരുന്നു. അതിനാൽ ഞാൻ ഒരു പുതിയ വായ്പ എടുക്കാൻ ബാങ്കിൽ പോയിരുന്നു. അന്നാണ് ഞാൻ ക്രിസ്മസ് ബംപറും എടുത്തത്. ആ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വായ്പ വേഗത്തിൽ തിരിച്ചടയ്ക്കാൻ ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. അത് മാത്രമാണ് എന്റെ ആശ്രയം," രാജൻ പറഞ്ഞു.
സമ്മാനാര്‍ഹമായ ടിക്കറ്റ് തൃക്കടാരിപ്പൊയിലിലെ തോലമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്പിച്ചു. ബാങ്ക് സെക്രട്ടറി കെ.ദാമോദരന്‍, പ്രസിഡന്റ് കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ക്ക് രാജനും ഭാര്യ രജനിയും മക്കളും ചേര്‍ന്ന് ടിക്കറ്റ് കൈമാറി. ആതിര,വിജില്‍,അക്ഷര എന്നിവര്‍ മക്കളാണ്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് ലോട്ടറി സബ് ഓഫീസില്‍നിന്നു വാങ്ങി കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റാണിത്. കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ ചില്ലറ വില്‍പ്പനസ്റ്റാള്‍ വഴിയാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ജനുവരി 15-നും 17-നുമിടയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് ഉടമ സനീഷ് പറഞ്ഞു.
സമ്മാനാര്‍ഹമായ 12 കോടി രൂപയില്‍ ഏജന്‍സി കമ്മിഷനും നികുതിയും കഴിച്ച് 60 ശതമാനം തുകയായ 7.20 കോടി രൂപയാണു ടിക്കറ്റ് ഉടമയ്ക്കു ലഭിക്കുക. 10 ശതമാനമാണ് ഏജന്‍സി കമ്മിഷന്‍. നികുതി 30 ശതമാനവും (രണ്ടും കൂടി 40 ശതമാനം). കമ്മിഷന്‍ തുകയായ 1.20 കോടിയില്‍നിന്ന് അഞ്ചു ശതമാനം ജിഎസ്ടി കഴിച്ച് 1.14 കോടിയാണ് ഏജന്റിനു ലഭിക്കുക.
മൊത്തം 40 ലക്ഷം ടിക്കറ്റുകളാണു ക്രിസ്മസ്-പുതുവത്സര ബംബര്‍ നറുക്കെടുപ്പിനായി ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ 36,84,509 ടിക്കറ്റുകള്‍ വിറ്റു. ഇതേ സമ്മാനത്തുകയുള്ള ഓണം ബംപറിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു.
ടിക്കറ്റ് വില്‍പ്പനയിലൂടെ 98.69 കോടി രൂപയാണ് ഇത്തവണ ലോട്ടറി വകുപ്പിനു ലഭിച്ചത്. ഒപ്പം 12 ശതമാനം ജിഎസ്ടിയായി 11.84 കോടി രൂപയും ലഭിക്കും. 29.93 കോടി രൂപയാണു സര്‍ക്കാരിനു ലഭിക്കുന്ന മൊത്തം ലാഭം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.