തിരുവനന്തപുരം: ഐ.എ.എസ് സമരത്തിനോട് വിയോജിച്ച് വിട്ടുനിന്ന കോഴിക്കോട് കളക്ടർ എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിയുടെ കരു നീക്കം. ആറ് മാസം മുൻപ് എം.കെ രാഘവൻ എം.പി യുമായി നടന്ന അസ്വാരസ്യങ്ങളിൽ കളക്ടറുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ചീഫ് സെക്രട്ടറി വിജയാനന്ദ് ഇപ്പോൾ അയച്ച നോട്ടീസിൽ വ്യക്തമാക്കിയത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസുമായുള്ള തർക്കത്തിൽ കളക്ടർ ബ്രോ വിയോജിച്ചതാണ് മുതിർന്ന ഐ.എ.എസ് ഓഫീസർമാരെ ചൊടിപ്പിച്ചത്.
എം.കെ. രാഘവൻ എം.പി യുമായുള്ള തർക്കത്തിൽ കളക്ടർക്ക് ഐ.എ.എസ് ഓഫീസർമാർക്കിടയിൽ വലിയ പിന്തുണ ലഭിച്ചിരുന്നു. തർക്കം പരിധികൾ വിട്ടുയർന്ന് മാസങ്ങൾ പിന്നിട്ടിട്ടും കളക്ടർ നൽകിയ വിശദീകരണം വിമർശനവിധേയമായിരുന്നില്ല. ജേക്കബ് തോമസ് വിഷയത്തിലും കളക്ടർ സ്വന്തം നിലപാടിൽ ഉറച്ചുനിന്നതോടെ ഉദ്യോഗസ്ഥ തലത്തിൽ ഇത് കല്ലുകടിയായിരുന്നു.
കളക്ടർ മാപ്പ് പറയണമെന്ന എം.കെ രാഘവൻ എം.പി യുടെ ആവശ്യത്തിന് പിന്നാലെ സ്വന്തം ഫേസ്ബുക്ക് പേജിൽ എൻ പ്രശാന്ത് കുന്നംകുളത്തിന്റെ മാപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് വിവാദമായത്. പതിനഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ചീഫ സെക്രട്ടറിയുടെ നിർദ്ദേശം.