തിരുവനന്തപുരം: സർക്കാരിന്റെ സർവീസ് ചടങ്ങൾ ലംഘിച്ച് കൊണ്ടാണ് ജേക്കബ് തോമസ് പുസ്തക പ്രകാശനം നിശ്ചയിച്ചതെന്ന് ചീഫ് സെക്രട്ടറി. ജേക്കബ് തോമസിന്റെ പുസ്തകത്തിൽ 14 ഇടത്ത് ചട്ടലംഘനം ഉണ്ടെന്നും അനുമതിയില്ലാതെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പുസ്തകത്തിൽ സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമുണ്ടെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നിശ്ചയിച്ച പുസ്തക പ്രകാശന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിൻമാറിയിരുന്നു. സർവീസിലിരിക്കേ ജേക്കബ് തോമസ് പുസ്തകമെഴുതിയത് സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നും അതിനാൽ ചടങ്ങിൽ പങ്കെടുക്കരുതെന്നും നിയമസെക്രട്ടറിയുടെ ഉപദേശം ലഭിച്ചതോടെയാണ് മുഖ്യമന്ത്രി പിൻമാറിയത്. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെത്തുടർന്ന് ചടങ്ങ് ഉപേക്ഷിച്ചതായി ജേക്കബ് തോമസ് അറിയിച്ചിരുന്നു.

തന്റെ സർവീസ് കാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ജേക്കബ് തോമസിന്റെ പുസ്തകം പ്രകാശനത്തിനു മുൻപേ ഏറെ ചർച്ചയായിരുന്നു. മദനിയുടെ അറസ്റ്റുമുതൽ ബാര്‍കോഴയും പാറ്റൂരും അടക്കമുള്ള വിവാദങ്ങളും സ്രാവുകൾക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് എതിരെ ജേക്കബ് തോമസ് പുസ്തകത്തിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വിവാദമായേക്കാവുന്ന പല വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ