കൊച്ചി: അവധിയിലുള്ള വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നതിൽ നിന്ന് പിന്മാറിയത് നിയമപ്രശ്നങ്ങൾ ഉള്ളതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻ മന്ത്രിയും കോൺഗ്രസ് നിയമസഭാ അംഗവുമായ കെ.സി.ജോസഫ് കത്ത് നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി.
“കെ.സി.ജോസഫ് കത്തിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഞാൻ ചടങ്ങിൽ പങ്കെടുക്കുന്നത് ഭംഗിയല്ല. അതിനാലാണ് പിന്മാറുന്നത്. നിയമപ്രശ്നങ്ങൾ പരിശോധിക്കാൻ നിയമവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും” മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങണമെന്ന ചട്ടം കെ.സി.ജോസഫ് ചൂണ്ടിക്കാട്ടി. ഇത് വാങ്ങിയിരുന്നോ എന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചോദിച്ചത്.
സർക്കാർ സർവ്വീസിലിരിക്കെ തനിക്ക് ലഭിച്ച ഔദ്യോഗിക രേഖകൾ വ്യക്തി താത്പര്യത്തിനായി ജേക്കബ് തോമസ് ദുരുപയോഗം ചെയ്തിരിക്കുകയാണെന്ന് കെ.സി.ജോസഫ് കത്തിൽ ആരോപിക്കുന്നു. ഇതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം പഠന വിധേയമാക്കിയിട്ടുണ്ടോയെന്നാണ് കെ.സി.ജോസഫ് ഉന്നയിച്ച മറ്റൊരു ചോദ്യം. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് നൽകിയ രേഖകൾ സർക്കാർ ഉദ്യോഗസ്ഥനായ ഒരാൾ പരസ്യപ്പെടുത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് കെ.സി.ജോസഫ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി തന്നെ പുസ്തകം പ്രകാശനം ചെയ്താൽ, ഇതിലെ വിവരങ്ങളെല്ലാം താങ്കൾക്കറിവുള്ളതാണെന്ന നിലയ്ക്കാവുമെന്നാണ് ഒടുവിൽ കെ.സി.ജോസഫ് ചൂണ്ടിക്കാട്ടിയത്.
അഞ്ച് കാര്യങ്ങളും വ്യക്തമായി മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ തന്നെ ഇത് നിയമ വകുപ്പ് സെക്രട്ടറിക്ക് കൈമാറി. കെ.സി.ജോസഫ് ഉന്നയിച്ച കാര്യങ്ങളുടെ നിയമവശം പരിശോധിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.