തിരുവനന്തപുരം: രാജസ്ഥാനിലെ ബിക്കാനീറിൽ മലയാളി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജസ്ഥാൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സംഭവത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അതിക്രമത്തെ അതിജീവിച്ച ഡെൽഹി നിവാസിയായ യുവതിക്ക് ആവശ്യമായ പിന്തുണ നൽകണമെന്നും കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സെപ്‌തംബർ 25ന് ഉച്ചയ്‌ക്കാണ് മലയാളി യുവതിയെ 23 പേർ ചേർന്ന് ബലാത്സംഗം ചെയ്‌തത്. ബിക്കാനീറിൽ രണ്ടു വർഷം മുന്പ് വാങ്ങിയ ഭൂമി സന്ദർശിച്ച ശേഷം മടങ്ങാനായി ഖാടു ശ്യാം മന്ദിറിനു സമീപം വാഹനം കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. കാറിൽ വന്ന രണ്ടു പേർ ലിഫ്‌റ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും ക്ഷണം താൻ നിരസിച്ചെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് ഇരുവരും പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കാറിനുള്ളിൽ വച്ച് മാറിമാറി പീഡിപ്പിച്ചു.

പിന്നീട് വേറെ ആറു പേരെ വിളിച്ചുവരുത്തി അവർക്കും തന്നെ കൈമാറി. അതിനുശേഷം സർക്കാർ ഉടമസ്ഥതയിലുള്ള പവർ സബ്‌സ്റ്റേഷൻ സ്ഥിതിചെയ്യുന്ന പലാന ഗ്രാമത്തിലെത്തിച്ചു. അവിടെവച്ച് കൂടുതൽ പേർ ചേർന്നു പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം പുലർച്ചെ തട്ടിക്കൊണ്ടു പോയ അതേസ്ഥലത്ത് തന്നെ കൊണ്ടു വിടുകയായിരുന്നെന്ന് ജയ് നാരായൺ വ്യാസ് കോളനി പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.