scorecardresearch

'ബിജെപിയുടെ ജനരക്ഷാ യാത്രയെ കേരളം തളളി', അമിത് ഷായുമായി സംവാദത്തിന് തയാറെന്ന് മുഖ്യമന്ത്രി

വിദ്വേഷരാഷ്ട്രീയത്തിന്റെ വെല്ലുവിളിയും പ്രകോപനങ്ങളുമായി സംഘടിപ്പിച്ച മാർച്ചിന് ഒരു പ്രകോപനത്തിലും പെടാതെ യാത്രയയപ്പ് നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നെന്ന് പിണറായി വിജയൻ

വിദ്വേഷരാഷ്ട്രീയത്തിന്റെ വെല്ലുവിളിയും പ്രകോപനങ്ങളുമായി സംഘടിപ്പിച്ച മാർച്ചിന് ഒരു പ്രകോപനത്തിലും പെടാതെ യാത്രയയപ്പ് നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നെന്ന് പിണറായി വിജയൻ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pinarayi vijayan

തിരുവനന്തപുരം: ബിജെപി നടത്തിയ ജനരക്ഷാ യാത്രയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലെത്തി നടത്തിയ പ്രകോപനപരവും അസത്യജഡിലവുമായ പ്രചാരണം കേരളത്തിന്റെ സമാധാന ജീവിതം തകർക്കാനുദ്ദേശിച്ചുള്ളതാണെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ഇത് ഫെഡറൽ മര്യാദകളുടെ ലംഘനം കൂടിയാണെന്നും പിണറായി വിജയൻ പ്രതികരിച്ചു.

Advertisment

'എന്തായാലും ഇത്തരമൊരു അസാധാരണ പ്രകടനത്തിലൂടെ ബിജെപിയുടെ ഇരട്ട മുഖവും കാപട്യവുമാണ് രാജ്യത്തിനു മുന്നിൽ ഒന്നു കൂടി തെളിഞ്ഞത്. എന്താണ് കേരളത്തിന്റെ യഥാർഥ ചിത്രമെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് ഒരളവുവരെ മനസ്സിലാക്കാൻ ഇത് കാരണമായി' പിണറായി വിജയൻ പറഞ്ഞു .

ജനരക്ഷയാത്രയ്ക്കിടയിലാണ് വേങ്ങര ഉപതിരഞ്ഞെടുപ്പു നടന്നത്. അതിലെ ബിജെപിയുടെ അതിദയനീയ പ്രകടനം ആശാസ്യമല്ലാത്ത രാഷ്ട്രീയ കുതന്ത്രങ്ങളെ കേരളത്തിലെ ജനങ്ങൾ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവായി അമിത് ഷാ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വിദ്വേഷരാഷ്ട്രീയത്തിന്റെ വെല്ലുവിളിയും പ്രകോപനങ്ങളുമായി, മാധ്യമ സന്നാഹത്തിന്റെ അകമ്പടിയോടെ ബിജെപി സംഘടിപ്പിച്ച മാർച്ചിന് ഒരു പ്രകോപനത്തിലും പെടാതെ യാത്രയയപ്പ് നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു.

കൊലവിളി പ്രസംഗങ്ങളെയും മുദ്രാവാക്യങ്ങളെയും വ്യാജ പ്രചാരണത്തെയും അർഹിക്കുന്ന അവജ്ഞയോടെയാണ് കേരളീയർ പരിഗണിച്ചത്. സമാധാനം തകർക്കാനുള്ള എല്ലാത്തരം നീക്കങ്ങളെയും പരാജയപ്പെടുത്തി ജാഗ്രതയോടെ ക്രമസമാധാന പാലനം നിർവഹിച്ച പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷലിപ്തമായ പ്രചാരണത്തെയും ഭീഷണിയെയും പ്രകോപനങ്ങളെയും തെല്ലും കൂസാതെ ആത്മസംയമനവും ജാഗ്രതയും കാണിച്ച സിപിഎം പ്രവർത്തകരെയും അനുഭാവികളെയും ജനങ്ങളെയാകെയും അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി വിജയൻ പ്രതികരിച്ചു.

Advertisment

വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ ആഗ്രഹിക്കുന്നതെങ്കിൽ ആ വെല്ലുവിളി സന്തോഷപൂർവം ഏറ്റെടുക്കുന്നു. ബിജെപി ഭരണമുള്ള ഏതെങ്കിലും ഒരു സംസ്ഥാനത്ത് കേരളത്തിന്റെ നേട്ടവുമായി താരതമ്യം ചെയ്യാവുന്ന പുരോഗതി ഉണ്ടായോ എന്ന് അദ്ദേഹം വ്യക്തമാക്കട്ടെ. കേരളം രാജ്യത്തിന് മാതൃകയായ മുന്നേറ്റമുണ്ടാക്കിയത് ഇവിടത്തെ ജനങ്ങളുടെ പുരോഗമന നിലപാടിന്റെ അടിത്തറയിലാണ്. മതനിരപേക്ഷ മനസ്സാണ് ഈ നാടിനുള്ളത്. വർഗീയതയുടെയും വിദ്വേഷത്തിന്റെയും അജണ്ടയാണ് ബിജെപിയുടേത്. ആ ബിജെപിയിൽ നിന്നും അതിനെ നയിക്കുന്ന ആർഎസ്എസിൽ നിന്നും കേരളീയർക്ക് ഒന്നും ഉൾക്കൊള്ളാനില്ല. അതു കൊണ്ടാണ്, കേരളത്തിനെതിരായ പോർവിളിയും അസംബന്ധ പ്രചാരണവുമായി ബിജെപി നടത്തിയ മാർച്ചിനെ ജനങ്ങൾ തള്ളിക്കളഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: