തിരുവനന്തപുരം: നമ്മളെന്നും അവരെന്നും ജനങ്ങളെ തമ്മിൽ വേർതിരിച്ച്, തമ്മിലടിപ്പിക്കുവാൻ ആരെങ്കിലും നടത്തുന്ന നീക്കങ്ങളെ നാം ശ്രദ്ധാപൂർവ്വം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്കിലൂടെ നൽകിയ റിപബ്ളിക് ദിനാശംസകളിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. ഇതിൽ ശക്തമായ വിമർശനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്..

ദാരിദ്ര്യം തുടച്ചുനീക്കാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ എല്ലാവർക്കും വിദ്യാഭ്യാസം നൽകാനോ കഴിഞ്ഞില്ല, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ പോലുമാകുന്നില്ല. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽപോലും പൂർണമായി വിജയിക്കാൻ കഴിയാത്ത നാടാണ് നമ്മുടേത്. ക്രിമിനൽ പ്രവർത്തനങ്ങളോ അക്രമങ്ങളോ ഒഴിവാക്കി ചിന്തിച്ചാൽ പോലും ഭരണകൂട നടപടികളിലൂടെ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

രാജ്യം റിപ്പബ്ലിക് ദിനമാചരിക്കുന്ന വേളയിൽ ചില വസ്തുതകൾ സൂചിപ്പിക്കുവാനാഗ്രഹിക്കുന്നു. എന്ന് എഴുതിയ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രസംവിധാനം വിഭാവനം ചെയ്യുന്ന ഭരണഘടനയെ അംഗീകരിച്ച് അതിനനുസൃതമായി നിലനിൽക്കുന്ന ഇന്ത്യ എന്ന ദേശരാഷ്ട്രം നിലവിൽ വന്നത് 1950 ജനുവരി 26 നാണല്ലോ? ജനുവരി 26 നാം റിപ്പബ്ലിക് ദിനമായി ആചരിക്കുകയും ഭരണഘടനാ ശില്പിയും ദാർശനികനുമായ ശ്രീ. ബി. ആർ. അംബേദ്കറെ അനുസ്മരിക്കുകയും ചെയ്തു വരികയാണ്.

രാജ്യം റിപ്പബ്ലിക് ദിനമാചരിക്കുന്ന വേളയിൽ ചില വസ്തുതകൾ സൂചിപ്പിക്കുവാനാഗ്രഹിക്കുന്നു.

ദേശീയത എന്നത് ഏകശിലാത്മകമായ ഒരു ആശയമല്ലായെന്നത് ഏറ്റവുമധികം വെളിപ്പെടുത്തുന്ന ഒരു രാഷ്ട്രസംവിധാനമാണ് ഇന്ത്യയുടേത്. ഫെഡറൽ ഭരണസംവിധാനമാണ് നമ്മുടേത്. വിവിധ ദേശീയതകളെ അംഗീകരിച്ച്, വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കി, അധികാരം വികേന്ദ്രീകരിച്ച്, എന്നാൽ ഒരു കേന്ദ്രീകൃത ഭരണസംവിധാനത്തിനു കീഴിൽ പ്രവർത്തിച്ചു പോരുന്ന വിശാലമായൊരു ദേശീയതയാണ് നമ്മുടേത്. ബഹുസ്വരതയാണ് അതിന്റെ മുഖമുദ്ര. എന്നാൽ, ഈ ദേശീയത ഇന്ന് നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. വിവിധ ഭാഷകൾ, വിവിധ സംസ്കാരങ്ങൾ, വിവിധ ആചാരങ്ങൾ, വിവിധ മതവിശ്വാസങ്ങൾ എന്നിവ പിന്തുടരുന്ന ജനങ്ങളെ ഏകശിലാത്മകമായ ഒരു സംസ്കാരത്തിൽ തളച്ചിടാനുള്ള ഏതു ശ്രമവും പൊതുദേശീയതയ്ക്ക് വെല്ലുവിളി ആയിരിക്കും. നമ്മളെന്നും അവരെന്നും ജനങ്ങളെ തമ്മിൽ വേർതിരിച്ച്, തമ്മിലടിപ്പിക്കുവാൻ ആരെങ്കിലും നടത്തുന്ന നീക്കങ്ങളെ നാം ശ്രദ്ധാപൂർവ്വം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.

അതോടൊപ്പം തന്നെ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ദേശീയതയുടെ മുഖ്യധാരയിലേക്ക് കൊണ്ട് വരുവാനും വികസന പ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കാനുമുള്ള ക്രിയാത്മകമായ പരിശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്. സ്ത്രീകളും കുട്ടികളും ദളിതരും വനവാസികളുമടക്കം ദേശീയ പൊതുധാരയിൽ ഇനിയും പ്രാമുഖ്യം ലഭിക്കാത്തവരെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തേണ്ടത്. പക്ഷേ, പലേടത്തും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ നടപ്പിലാക്കുന്നതിൽ നമ്മുടെ ഭരണ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന് തിരിച്ചറിയണം. കടുത്ത വർഗീയതയും ഉച്ചനീചത്വങ്ങളും നടമാടിയിരുന്ന ഒരു സമൂഹത്തെ നവോഥാന-ദേശീയപ്രസ്ഥാന സാമൂഹ്യ മുന്നേറ്റങ്ങളിലൂടെ മുന്നോട്ടു നയിച്ചു എന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ രാജ്യത്തിൻ്റെ അന്തസ്സാകെ തകർക്കുന്ന മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്. സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവരെ സാമൂഹ്യമുന്നേറ്റത്തിൽ പങ്കാളികളാക്കുവാൻ ശ്രമിക്കുന്ന രാജ്യത്ത് ദളിതർ ചുട്ടുകൊല്ലപ്പെടുന്നതും കെട്ടിത്തൂക്കപ്പെടുന്നതും തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്നതും എന്ത് സന്ദേശമാണ് ലോകത്തിന് നൽകുന്നത്?

സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്ത്യ റിപ്പബ്ലിക് ആയിട്ടും എത്രയോ വർഷങ്ങൾ കഴിഞ്ഞു? ദാരിദ്ര്യം തുടച്ചുനീക്കാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ എല്ലാവർക്കും വിദ്യാഭ്യാസം നൽകാനോ നമുക്ക് കഴിഞ്ഞില്ലെന്നതോ പോട്ടെ, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ പോലും നമുക്കാവുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽപോലും പൂർണ്ണമായി വിജയിക്കാൻ കഴിയാത്ത നാടാണ് നമ്മുടേത്. ക്രിമിനൽ പ്രവർത്തനങ്ങളോ അക്രമങ്ങളോ ഒഴിവാക്കി ചിന്തിച്ചാൽ പോലും ഭരണകൂട നടപടികളിലൂടെ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. രണ്ടായിരത്തിനു ശേഷം രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം ഒന്നും രണ്ടുമല്ല, ലക്ഷങ്ങളാണ്. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന എല്ലാ യുദ്ധങ്ങളും കൂടി കണക്കിലെടുത്താലും അത്രയും ആൾക്കാർ മരിച്ചിട്ടുണ്ടാവില്ല. നമ്മുടെ രാജ്യം നടപ്പിലാക്കിയ നയങ്ങളുടെ ഭാഗമായി മരിച്ചവരുടെ കാര്യമാണിത്. കൃഷിക്കാരുടെ മരണം എന്നാൽ കൃഷിയുടെ മരണമാണ്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങൾ ഇത്തരം നയവൈകല്യങ്ങളുടെ ഫലമായി ഉണ്ടാകുന്ന അപകടങ്ങളുടെ അവസാന ഉദാഹരണമാണ്.

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങൾ ആരോഗ്യകരമായി നിലനിന്നാൽ മാത്രമേ മൗലികാവകാശങ്ങൾ ഉൾപ്പടെയുള്ള പൗരാവകാശങ്ങൾ സംരക്ഷിക്കാൻ നമുക്കാവുകയുള്ളൂ. അധികാര വികേന്ദ്രീകരണത്തിലധിഷ്ഠിതമായതും സുഘടിതവുമായ ഒരു ഫെഡറൽ സംവിധാനമാണ് ഭരണഘടനാ നിർമാതാക്കൾ സ്വപ്നം കണ്ടത്. ജനാധിപത്യത്തിന്റെ പരമാധികാര സഭയായ പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെയും സംസ്ഥാന നിയമസഭകളുടെ വികാരങ്ങൾ ഉൾക്കൊള്ളാതെയും ജനാധിപത്യ വ്യവസ്ഥയെ മുന്നോട്ടു നയിക്കാനാവില്ല. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം ഉച്ചത്തിൽ പറയലല്ല, ന്യൂനപക്ഷത്തിന്റ താല്പര്യങ്ങളെക്കൂടി കണക്കിലെടുക്കുകയാണ്. അതിനുള്ള അവസരങ്ങൾ ഉണ്ടാവണം അവ സങ്കുചിത താത്പര്യങ്ങൾക്കതീതമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നമുക്ക് കഴിയുകയും വേണം.

സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പൊതുവെ ഒരേ രാജ്യത്തെ ജനതയാണെന്ന ധാരണയോടെയും ജനാധിപത്യത്തിലും നീതിയിലും അധിഷ്ഠിതമായാണ് പരിഹരിക്കപ്പെടേണ്ടത്. നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ സങ്കല്പം പൂർണമായ അർത്ഥത്തിൽ പുലരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സാംസ്കാരികമോ രാഷ്ട്രീയമോ മതപരമോ ആയ ഒരു വ്യവസ്ഥയും അടിച്ചേല്പിക്കപ്പെടാൻ ഇടവന്നുകൂടാ. തങ്ങൾ രണ്ടാംതരം പൗരന്മാരാണെന്നോ ഒഴിവാക്കപ്പെടുന്നവരാണെന്നോ രാജ്യത്തെ ഒരു ജനവിഭാഗത്തിനും തോന്നിക്കൂടാ. എല്ലാവരും മുഖ്യധാരയിലാവണം.

സംസ്ഥാനത്ത് ആധികാരത്തിലിരിക്കുന്ന സർക്കാർ എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യൻ ഭരണഘടനയുടെ നിർദേശം പൂർണ്ണമായും അംഗീകരിച്ചാണ് പ്രവർത്തിക്കുന്നത്. കാലങ്ങളായി അരികിലേക്ക് തള്ളിമാറ്റപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള ഭരണ സംവിധാനമാണിവിടെയുള്ളത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ആരും ആക്രമിക്കപ്പെടാനോ മാറ്റിനിർത്തപ്പെടാനോ പാടില്ലെന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്.

എല്ലാവർക്കും റിപ്പബ്ളിക് ദിനാശംസകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.