തിരുവനന്തപുരം: ആർഎസ്എസിന്രെ പുതിയ പ്രചരണങ്ങൾക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളിൽ മൂല്യബോധമുണ്ടാക്കാനെന്ന പേരിൽ പലപെരുമാറ്റങ്ങളുമായി വീടുകയറി പ്രചരണം നടത്തുന്നതിന് എതിരെയാണ് പിണറായി വിജയന്റെ പ്രതികരണം. ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തിൽ ഗുഡ് മോർണിംഗ് പറയരുത് മുതലായ നിർദേശങ്ങൾ ഗുരുതരമായ പൗരാവകാശ ലംഘനങ്ങളാണെന്ന് പിണറായി വിജയൻ പറഞ്ഞു.

മനുസ്മൃതി കുടുംബങ്ങളിൽ അടിച്ചേല്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത് എന്നും കേന്ദ്രഭരണത്തിന്‍റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത് എന്നും മുഖ്യമന്ത്രി പറയുന്നു. പശു സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധതകാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്കര്ഷിക്കുകയും ചെയ്യുന്നത്തിൽ നിന്ന് പിന്മാറാൻ ആർ എസ് എസിനോട് അദ്ദേഹം ആവശ്യപ്പെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെടുന്നു.

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതിൽ കൈകടത്താനും ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് എന്നും പിണറായി വിജയൻ പ്രതികരിച്ചു. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ