തിരുവനന്തപുരം: സസംസ്ഥാനത്തെ പൊലീസിനെ രണ്ടാക്കി വിഭജിക്കാൻ സർക്കാർ ആലോചിക്കുന്നതായി ആഭ്യന്ത്ര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൊലീസ് സേനയുടെ താഴേത്തട്ട് വരെ ക്രമസമാധാന ചുമതലയും കുറ്റാന്വേഷണ ചുമതലയെന്നും രണ്ട് വിഭാഗങ്ങളായി പൊലീസ് സേനയെ വിഭജിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

നേരത്തേ ടിപി സെൻകുമാർ വിഷയത്തിൽ സർക്കാർ വെട്ടിലായിരുന്നു. സെൻകുമാറിന് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതോടെ നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റയുടെ സ്ഥാനം സംബന്ധിച്ച് സർക്കാർ പ്രതിസന്ധിയിലായിരുന്നു.

ഇതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇനി മുതൽ എസ്ഐ മാർക്കാവില്ല. സർക്കിൾ ഇൻസ്പെക്ടർമാർ ഈ ചുമതല വഹിക്കുമ്പോൾ ക്രമസമാധാന പാലനത്തിലേക്ക് എസ്ഐ മാരുടെ പ്രവർത്തനം മാറും. സ്റ്റേഷനുകളുടെ നിയന്ത്രണം കുറ്റാന്വേഷണ വിഭാഗത്തിന്റെ കൈയ്യിലേക്ക് മാറുമ്പോൾ സ്വാഭാവികമായും ക്രമസമാധാന വിഭാഗത്തിന് താരതമ്യേന പ്രാധാന്യം കുറയും.

ലോക്നാഥ് ബെഹ്റയെ കുറ്റാന്വേഷണ വിഭാഗത്തിന്റെ ചുമതല നൽകിയാൽ, സെൻകുമാറിന് ക്രമസമാധാന പാലന ഡിജിപി ആയി നിയമിക്കാനുള്ള സാധ്യതകളുണ്ട്. സെൻകുമാറും സർക്കാരും രണ്ട് തട്ടിലായ നിലയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് സെൻകുമാർ ഉയർത്തിയേക്കാവുന്ന വെല്ലുവിളിയെയും ഇതുവഴി മറികടക്കാനായേക്കും.

സ്ത്രീകളുടെ പരാതി അറിയാൻ, എല്ലാ പഞ്ചായത്തുകളിലും ആഴ്ചയിലൊരിക്കൽ ഒരു വനിത പൊലീസ് നേരിട്ടെത്തണമെന്ന നിർദ്ദേശം ഇതിലുണ്ട്. കുറ്റാന്വേഷണം കാര്യക്ഷമമാക്കുന്നതിന് എല്ലാ സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. ഇതോടൊപ്പം സംസ്ഥാനത്ത് നിലവിലുള്ള എല്ലാ വിഭാഗം ആളുകളുടെയും സമ്പൂർണ്ണ വിവരശേഖരം ഉണ്ടാക്കും.

പൊലീസിന്റെ പ്രവർത്തന കാര്യത്തിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ കാപ്പ ഇനി മുതൽ ചുമത്തില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ