അട്ടപ്പാടി: സംസ്ഥാനത്ത് വിവിധ വനപ്രദേശങ്ങളിലുളള ആദിവാസികളെ കൂട്ടായി തന്നെ താമസിപ്പിക്കാനും ഇവർക്ക് കൃഷിയിടങ്ങൾ മാത്രം വിവിധ സ്ഥലങ്ങളിൽ അനുവദിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇവർക്ക് ഭൂമി അനുവദിപ്പിക്കുമ്പോൾ ഇനി മുതൽ ഇക്കാര്യം പരിഗണിച്ച് മാത്രമേ സംസ്ഥാനം തീരുമാനം എടുക്കുകയുളളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ ബന്ധുക്കളെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ആദിവാസികൾക്ക് കൃഷിയിടങ്ങൾ മാത്രം വിവിധയിടങ്ങളിൽ അനുവദിക്കാനും അവരെ കൂട്ടായി തന്നെ താമസിപ്പിക്കാനും സർക്കാർ ശ്രമിക്കും. കുറഞ്ഞത് 200 ദിവസമെങ്കിലും തൊഴിൽ ഉറപ്പാക്കും. ഈ മേഖലകളിൽ മദ്യവർജന പ്രചാരണം വ്യാപിപ്പിക്കാൻ വിമുക്തി പദ്ധതിക്ക് കീഴിൽ ശക്തമായ ഇടപെടൽ നടത്തും. ആദിവാസി മേഖലകളിൽ കൂടുതൽ ഡി അഡിക്ഷൻ സെന്ററുകൾ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസികളുടെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ കമ്യൂണിറ്റി കിച്ചൺ പദ്ധതി പുനരുജ്ജീവിപ്പിക്കും. സപ്ലൈകോ വഴി ഇവിടേക്ക് ഭക്ഷ്യധാന്യമെത്തിക്കും. അട്ടപ്പാടിയിൽ പ്രായ-ലിംഗ ഭേദമന്യേ എല്ലാവർക്കും കമ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും.

ഇവിടെയുളള ഭിന്ന മാനസിക ശേഷിയുളളവർക്ക് വേണ്ടി ഒഴിഞ്ഞ സർക്കാർ കെട്ടിടങ്ങളേതെങ്കിലും കെയർഹോമാക്കും. ഇതിന് പുറമേ അട്ടപ്പാടിയിലെ സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിൽ വെളളമെത്തിക്കാൻ എന്ത് ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. നിർമ്മാണം മുടങ്ങിയ ആദിവാസി ഊരിലേക്ക് മുക്കാലിയിൽ നിന്നുളള റോഡിന്റെ പണി വേഗത്തിൽ പൂർത്തിയാക്കും. ജലദൗർലഭ്യം രൂക്ഷമായ സാഹചര്യത്തിൽ റാഗി, ചോളം എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കും. ഇവയ്ക്ക് കുടുംബശ്രീ വഴി ആവശ്യമായ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ