തിരുവനന്തപുരം: സംസ്ഥാനത്തെ പശ്ചാത്തല സൗകര്യവികസനത്തിൽ കേരളം മുന്നേറാത്തതിന് കാരണം എതിർപ്പുകളും വിവാദങ്ങളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

മുൻ യുഡിഎഫ് സർക്കാരിനെ കണക്കറ്റ് വിമർശിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ ഒട്ടേറെ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1957 ലെ ഇഎംഎസ് സർക്കാരിന്റെ തുടർച്ചയാണ് ഈ സംസ്ഥാന സർക്കാരെന്ന് വിശദീകരിച്ച മുഖ്യമന്ത്രി സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ചില വൈരുുദ്ധ്യങ്ങളുണ്ടെന്നും വ്യക്തമാക്കി.

പരമ്പരാഗത വ്യവസായ മേഖലയിലെ കയർ തൊഴിലാളികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ തൊഴിൽ അവസാനിക്കുന്നുവെന്ന ഭീതിയിലായിരുന്നു. ഒറ്റ വർഷം കൊണ്ട് ഈ വ്യവസായം രക്ഷപ്പെടുമെന്നും പിടിച്ചുനിൽക്കുമെന്ന ആത്മവിശ്വാസം തൊഴിലാളികൾക്കിടയിൽ വർദ്ധിച്ചു. ആധുനിക വത്കരണത്തിന് ഊന്നൽ നൽകി കയർ വ്യവസായത്തിന്റെ പഴയ മേന്മ തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കശുവണ്ടി തൊഴിലാളികളുടെ ഇടയിലും കാപെക്‌സും കശുവണ്ടി വികസന കോർപ്പറേഷനും തുറന്ന് തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കി. ഇപ്പോൾ കശുവണ്ടി തൊഴിലാളികൾക്ക് ആശങ്കയില്ല. കൈത്തറി തൊഴിലാളികൾക്ക് വലിയ തോതിലുള്ള ആശ്വാസം ഉണ്ടാക്കി. 8000 കൈത്തറി തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കി. വിദ്യാർത്ഥികളുടെ യൂണിഫോം കൈത്തറിയാക്കിയത് ഇതുകൊണ്ട്. അടുത്ത വർഷം യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൂടി കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യും.

അത്യന്തം ആശ്വാസകരമായ പദ്ധതികളാണ് ഓരോ കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വലിയ പ്രത്യേകത ക്ഷേമ പ്രവർത്തനങ്ങളാണ്. ക്ഷേമ പ്രവർത്തനങ്ങളിൽ യുഡിഎഫ് സർക്കാർ അലംഭാവം കാണിച്ചു. നിരാലംബരായ ആളുകൾ പെൻഷൻ വാങ്ങി മരിക്കില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു.

1900 കോടി രൂപയുടെ പെൻഷൻ കുടിശിക സർക്കാർ അധികാരമേറ്റ് ഉടൻ തന്നെ വിതരണം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജലസ്രോതസ്സുകളും വെള്ളം ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കും. പച്ചക്കറിയുടെയും പഴത്തിന്റെയും കാര്യത്തിൽ മേന്മ കൈവരിക്കാൻ സാധിക്കും.

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം കാത്തിരിക്കുകയാണ്. മികവാർന്ന പൊലീസിംഗിനുള്ള നാഷണൽ പൊലീസിന് ലഭി്ച്ചു. ഏറ്റവും നല്ല ക്രമസമാധാന പാലനത്തിന് ഇന്ത്യ ടുഡേ തിരഞ്ഞെടുത്തത് കേരളത്തെയാണ്. ഈ നേട്ടങ്ങളെല്ലാം കേരളത്തിലെ എല്ലാവരും ഒരുമിച്ച് നിന്നത് കൊണ്ട് നേടാനായത്.

മുൻപ് സർക്കാരിനെതിരായ വാർത്തകളാണ് ഇടംപിടിച്ചതെങ്കിൽ ഇപ്പോൾ എല്ലാം സർക്കാരനുകൂല വാർത്തകളാണ് പുറത്തുവരുന്നത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടും, റേഷൻ അരി വിഹിതവുമായി ബന്ധപ്പെട്ടും ഉയർന്ന വിഷയമങ്ങലെ ഫലപ്രദമായി നേരിടാൻ സംസ്ഥാന സർക്കാരിനായി.

ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ബദലായി മാറാൻ സംസ്ഥാന സർക്കാരിനായി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യം നവ ഉദാരവത്കരണ നയങ്ങളും വർഗീയ ധ്രുവീകരണവും മൂലം വലിയ വെല്ലുവിളി നേരിടുന്നു. ഈ നിലയ്ക്കുള്ള വെല്ലുവിളികളെ നേരിടാനുള്ള ശ്രമമാണ് സംസ്ഥാനം നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.