തിരുവനന്തപുരം: ലോകചാമ്പ്യൻപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പി.യു ചിത്രയെ പുറത്താക്കയതിൽ കടുത്ത പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഭയുള്ള ഒരു കായിക താരത്തിന് നേരെയുള്ള അവഗണന ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ദില്ലിയിൽ പറഞ്ഞു. ലോകചാമ്പ്യൻഷിപ്പിൽ ചിത്രയെ പങ്കെടുപ്പിക്കാനായി എല്ലാ വിധ ഇടപെടലുകളും നടത്തുമെന്ന് മുഖ്യമന്ത്രി ദില്ലിയിൽ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള 2 എംപിമാർ ഇന്ന് കേന്ദ്ര കായിക മന്ത്രിയെ കാണുന്നുണ്ട്. എം.ബി രാജേഷും , പി.കെ ബിജുവും കായികമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്ന് കായിക മന്ത്രി എ.സി മൊയ്ദ്ദീൻ പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയമാണ് യുവതാരമായ ചിത്രയ്ക്ക് വേണ്ടത് എന്നും മെഡൽ കിട്ടില്ല എന്ന മുൻവിധി താരത്തിന്റെ വളർച്ചയെ തടയുമെന്നും കായിക മന്ത്രി പ്രതികരിച്ചു. ചിത്രയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് എ.സി മോയ്ദ്ദീൻ കേന്ദ്രകായിക മന്ത്രിക്ക് കത്തയച്ചു.

ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷനാണ് ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള താരങ്ങളെ തിരഞ്ഞെടുത്തത്. 24 അംഗ അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്രയും സുധാ സിങും അജയ്കുമാര്‍ സരോജിനെയുമാണ് ചിത്രയെ ഒഴിവാക്കിയത്. ചിത്ര ഉള്‍പ്പടെ സ്വര്‍ണം നേടി താരങ്ങളെ തഴഞ്ഞത് ഒളിംപ്യന്‍മാര്‍ അടക്കമുള്ള ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താന്‍ വേണ്ടിയാണ് എന്ന ആരോപണം ഉണ്ട്. പി.ടി ഉഷ, അഞ്ജു ബോബി ജോർജ്ജും സെലക്ഷൻ കമ്മറ്റിയിൽ അംഗങ്ങളാണ്.

മലയാളി താരം കെ.കെ വിദ്യയില്‍ നിന്ന് വായ്പ വാങ്ങിയ സ്‌പൈക്കുമിട്ടായിരുന്നു അന്ന് കലിംഗയിലെ ട്രാക്കില്‍ അഗ്നിപടര്‍ത്തിയ പോരാട്ടവുമായി പി.യു ചിത്ര സുവര്‍ണ കുതിപ്പ് നടത്തിയത്. പക്ഷേ, ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച ചിത്രയുടെ പ്രകടനത്തെ വിലമതിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മാത്രം മടി. രാജ്യത്തിന്റെ പ്രതീക്ഷയായ ചിത്രക്ക് ലോക ചാംപ്യന്‍ഷിപ്പിലൂടെ ലഭിക്കുമായിരുന്ന മത്സര പരിചയമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇല്ലാതാക്കിയത്. 24 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഒഫിഷ്യലുകളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.