വികസന വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ വെല്ലുവിളിച്ച സംവാദത്തിന് കേരളം തയാറയപ്പോൾ ബിജെപി അതിൽ നിന്നും ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ നേതാക്കളെയും മന്ത്രിമാരെയും കൊണ്ട് വന്ന് കേരളത്തിനെതിരെ നിലവാരം കുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിപ്പിച്ചത് ബിജെപിയാണ്. അത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാനും കേരള ജനതയോട് ക്ഷമാപണം നടത്താനും ബിജെപി സംസ്ഥാന അധ്യക്ഷൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ അദ്ദേഹത്തിന്റെ ഒഫിഷ്യൽ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിലാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്

മുഖ്യമന്ത്രിയുടെ പോസ്റ്റിന്രെ പൂർണ്ണരൂപം:

കണ്ണ് ചൂഴ്ന്നെടുക്കുമെന്നും കൈ വെട്ടിയെടുക്കുമെന്നും തല കൊയ്യുമെന്നും ഭീഷണി മുഴക്കുന്ന ബി ജെ പി-ആർ എസ് എസ് നേതൃത്വം “അക്രമത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുന്നതിനെ” ക്കുറിച്ചു പറഞ്ഞു തുടങ്ങിയതിൽ സന്തോഷമുണ്ട്. വികസന വിഷയത്തിൽ സംവാദത്തിനു തയാറുണ്ടോ എന്ന ബിജെപി ദേശീയ അധ്യക്ഷന്റെ വെല്ലുവിളി കേരളം സർവാത്മനാ ഏറ്റെടുത്തിട്ടുണ്ട്. ആ സംവാദത്തിനു അമിത് ഷായെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ദൗർഭാഗ്യവശാൽ അതിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ബിജെപിയിൽ നിന്നുണ്ടാകുന്നത്‌.

രാഷ്ട്രപതിയും നിരവധി കേന്ദ്ര മന്ത്രിമാരും കേരളത്തിന്റെ പുരോഗതിയെക്കുറിച്ചു ഇവിടെ വന്ന് മതിപ്പു പ്രകടിപ്പിച്ചവരാണ്. കേരളത്തിലെ ഏക ബിജെപി എം എൽ എക്കോ ഇവിടെ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ അംഗത്തിനോ കേരളം നേടിയ പുരോഗതിയെ കുറിച്ച് സംശയം ഇല്ല എന്നുമാത്രമല്ല, അവർ യാഥാർഥ്യങ്ങൾ അംഗീകരിച്ചു ഈ സർക്കാരിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ ബിജെപി നേതൃത്വമാണ് ദേശീയ നേതാക്കളെയും മന്ത്രിമാരെയും കൊണ്ട് വന്ന് നിലവാരം കുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിപ്പിച്ചത്. അത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാനും കേരള ജനതയോട് ക്ഷമാപണം നടത്താനും ബി ജെപി സംസ്ഥാന അധ്യക്ഷൻ തയാറാകണം.

പതിനഞ്ചു ദിവസം നടത്തിയ യാത്ര, കേരളത്തെ കുറിച്ച് ബിജെപി നടത്തിയ കുപ്രചാരണങ്ങൾ തെറ്റാണ് എന്ന് സ്ഥാപിച്ചു കൊണ്ടാണ് അവസാനിച്ചത്. തെറ്റായ വിവരങ്ങൾ നൽകി ക്ഷണിച്ചു കൊണ്ടുവന്ന നേതാക്കൾക്ക് കേരളത്തിന്റെ ശാന്തിയും ക്രമസമാധാന ഭദ്രതയും പുരോഗതിയും ബോധ്യപ്പെടുന്ന അനുഭവമാണ് ഉണ്ടായത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം പരിപാടികൾ ഉണ്ടാകുമ്പോൾ നിരോധനാജ്ഞയും ഇന്റര്നെറ് നിരോധവും അറസ്റ്റുകളും മറ്റും കൊണ്ടാണ് നേരിടാറുള്ളത്. ഇവിടെ അത്തരം ഒരു നടപടിയുമില്ലാതെ സമാധാനപരമായി ഈ പ്രകോപനയാത്രക്കു പോലും കടന്നു പോകാൻ കഴിഞ്ഞു, കേരള സർക്കാരിന്റെയും ജനതയുടെയും ഉന്നതമായ നിലവാരമാണ് അതിൽ പ്രകടമായത്.

വികസന ചർച്ചയെ കുറിച്ച് വെല്ലുവിളിക്കുകയും അത് സ്വീകരിച്ചപ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയമല്ല. കുമ്മനത്തിന്റെ യാത്രയിൽ കേരളത്തിന്റെ വികസനത്തെ കുറിച്ചോ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചോ എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്ന് അറിയാൻ താല്പര്യമുണ്ട്. ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മാധ്യമ വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്.

ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത്, സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും പദ്ധതികളും നികുതി വിഹിതവും കേന്ദ്രത്തിന്റെ സൗജന്യമാണ് എന്ന മട്ടിൽ പ്രചരിപ്പിക്കുന്ന ബി ജെ പിയിൽ നിന്ന് ക്രിയാത്മകമായ നിലപാട് പ്രതീക്ഷിക്കാനാവില്ല. എന്നാൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമീപനം വ്യത്യസ്തമാണ്. കേരളത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടാൻ ശക്തമായി ഇടപെടുന്നതോടൊപ്പം പുരോഗതി ലക്ഷ്യമിട്ട് കേന്ദ്രവുമായി ഊഷ്മളമായ ബന്ധം നിലനിർത്തുന്നതിനുമാണ് സർക്കാർ താൽപര്യപ്പെടുന്നത്, അതാണ് ചെയ്യുന്നതും. അത്തരം അന്തരീക്ഷം ബിജെപിക്ക് അലോസരമാകുന്നത് കൊണ്ടാണോ, കേരളത്തിന്റെ വിഷയങ്ങളുമായി ഔദ്യോഗികമായി ചെല്ലുമ്പോൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴചയ്ക്കുള്ള അനുവാദം പോലും തുടരെ നിഷേധിക്കുന്നത്? അങ്ങനെ രാഷ്ട്രീയ ശത്രുത സംസ്ഥാനത്തിനെതിരെ സൃഷ്ടിക്കാൻ ബി ജെ പി കേരളം ഘടകം ശ്രമിക്കുന്നുണ്ടോ എന്ന് പറയേണ്ടത് കുമ്മനം രാജശേഖരനാണ്.

സംഘർഷം ഇല്ലാതാക്കി ശാശ്വതമായ സമാധാനം സ്ഥാപിക്കാൻ നിരന്തരം കേരള സർക്കാർ ശ്രമിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ സർവകക്ഷി സമാധാന യോഗം വിളിച്ചതും ഉഭയകക്ഷി ചർച്ചകൾ നടത്തിയതും ശാന്തിയും സമാധാനവും നിലനിർത്താൻ പ്രാദേശിക തലത്തിൽ സംവിധാനം ഒരുക്കിയതും ഈ സർക്കാരിന്റെ മുൻകയ്യിലാണ്‌. അതിന്റെ ഫലമാണ്, വൻപ്രകോപനം സൃഷ്ടിച്ചു മുന്നേറിയ ബിജെപി ജാഥയോട് കേരളത്തിലെ ജനങ്ങൾ കാണിച്ച സഹിഷ്ണുതാ പൂർണ്ണമായ സമീപനം. ആ അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകരുത് എന്ന് അഭ്യർത്ഥിക്കുന്നു.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയിൽ മാതൃകയായി ഉയർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ശ്രീ കുമ്മനം കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. സംസ്ഥാനത്ത് ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് തടസ്സങ്ങളില്ലാതെയും വേഗത്തിലും വിവിധ വകുപ്പുകളില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അനുമതി ലഭ്യമാക്കുന്നതിന് ദി കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2017 കൊണ്ടുവരാനുള്ള തീരുമാനം അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു.
കേരളം ഇന്ന് നേരിടുന്നത് ഇതുവരെ നേടിയ പുരോഗതി സംരക്ഷിക്കേണ്ടതിന്റെ വെല്ലുവിളിയല്ല അടുത്ത തലത്തിലേക്ക് അതിനെ ഉയർത്തേണ്ടതിന്റെ വെല്ലുവിളിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമായുള്ള ആദ്യ താരതമ്യത്തിൽ തന്നെ അത് മനസ്സിലാകും.

കേരളം ഒന്നാമതാണ് എന്ന് ഓരോ കേരളീയനും പറയാൻ കഴിയുന്നത് വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണ്. ആ യാഥാർഥ്യം അംഗീകരിച്ചു കൊണ്ടു ക്രിയാത്മക സംവാദത്തിനു അമിത് ഷായെ പ്രേരിപ്പിക്കാനുള്ള സന്മനസ്സ് കുമ്മനത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.