തിരുവനന്തപുരം: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷൻ സംശയത്തിനതീതമായിരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ അതിന്റെ പ്രവർത്തനവും സുതാര്യമാകണമെന്നും അതിന് ഭംഗം വരുന്ന എന്തും ജനാധിപത്യത്തിന് ഏൽക്കുന്ന പ്രഹരമായി മാറുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

ജനാധിപത്യത്തിന്റെ അന്തസത്ത ജനങ്ങൾക്ക് കൈചൂണ്ടി എതിർപ്പുന്നയിക്കാനും വിമർശിക്കാനുമുള്ള അവകാശമാണ്. ആത്യന്തികമായി എല്ലാ അധികാര കേന്ദ്രങ്ങൾക്കും ജനങ്ങളോടാണ് ഉത്തരവാദിത്തം.
ആറുമാസത്തിനകം സർക്കാരുകൾ കാലാവധി പൂർത്തീകരിക്കുന്ന വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഒരുമിച്ചു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കം. അത് തെറ്റിക്കുന്നതിലെ അനൗചിത്യത്തെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർമാരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. സ്വതന്ത്ര ഭരണഘടാ സ്ഥാപനമായ തെരഞ്ഞെടുപ്പുകമീഷന്റെ വിശ്വാസ്യത സംശയകരമാകുന്ന അവസ്ഥ ദൗർഭാഗ്യകരമാണ്. സംശയം വരുമ്പോൾ ജനങ്ങൾ കൈചൂണ്ടും.

ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമീഷൻ സംശയത്തിനതീതമായിരിക്കണം. ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ അതിന്റെ പ്രവർത്തനവും സുതാര്യമാകണം. അതിനു ഭംഗം വരുന്ന എന്തും ജനാധിപത്യത്തിന് ഏൽക്കുന്ന പ്രഹരമായി മാറും.

ജനാധിപത്യ വിരുദ്ധമായ ഇടപെടലുണ്ടായ ഘട്ടങ്ങളിൽ പോലും തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും സംരക്ഷിക്കാൻ കമീഷനിലെ ഓരോ അംഗങ്ങളും ഇടപെട്ട അനുഭവമാണ് ഇന്ത്യയുടേത്. ആ രീതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കുനേരെ കൈചൂണ്ടുന്നത് ജനാധിപത്യ സംരക്ഷണത്തിനായുള്ള ജനങ്ങളുടെ ഇടപെടലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ