Latest News

പിണറായി വിജയൻ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ആർ.എസ്.എസ്; കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി

ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു

Pinarayi Vijayan, പിണറായി വിജയൻ, കേരള മുഖ്യമന്ത്രി, മുഖ്യമന്ത്രി, Kerala Chief Minister, Chief mInister, CMO Kerala,

പട്ന: മോഹൻ ഭാഗവതിന്‍റെ കേരള പരാമർശത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച മുഖ്യമന്ത്രി പിണറായിക്കെതിരെ വീണ്ടും ആർ.എസ്.എസ്. പിണറായി വിജയൻ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ആർ.എസ്.എസ് നേതാവ് രാകേഷ് സിൻഹ പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആർഎസ്എസ് വ്യാജപ്രചാരണങ്ങളിൽ കേരളം കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചു.

കേരള സർക്കാർ ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ്. കേരളത്തിലെ ജനങ്ങൾ രാജ്യ സ്നേഹികളാണ്. ഇവർ സ്വാതന്ത്ര സമരത്തിൽ വലിയ പങ്കുവഹിച്ചവരാണ്. എന്നാൽ പിണറായി വിജയൻ മോഹൻ ഭാഗവതിന്‍റെ ആരോപണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നുമാണ് രാകേഷ് സിൻഹ പറഞ്ഞത്.

ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രമാണെന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്കാണ് രൂക്ഷമായ ഭാഷയിൽ പിണറായി വിജയൻ മറുപടി നൽകിയത്.

“കേരള സർക്കാർ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണ്. ആർഎസ്എസിന്റെ വർഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പാരാജയപ്പെട്ടപ്പോഴാണ്, കേരളത്തെ ദേശദ്രോഹത്തോടു ചേർത്തു വെക്കാൻ ശ്രമിക്കുന്നത്.” പിണറായി ഫെയ്സ്ബുക്കിൽ കുറിച്ചു.

കേരളത്തിലെ സിപിഎം പ്രവർത്തകർ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞതിനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. വ്യാ​ജ പ്ര​ചാ​ര​ണം കൊ​ണ്ടു കേ​ര​ള​ത്തെ കീ​ഴ്പ്പെ​ടു​ത്തി​ക്ക​ള​യാ​മെ​ന്നു സം​ഘ​പ​രി​വാ​ർ ക​രു​തേ​ണ്ട​തി​ല്ലെ​ന്നും സ​മാ​ധാ​നം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ ബ​ദ്ധ​മാ​യ ഇ​ട​പെ​ട​ലാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ പ​ട്ടി​ക​യും നി​ര​ത്തി​യാ​ണു പി​ണ​റാ​യി​യു​ടെ മ​റു​പ​ടി.

പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്ന് ആർ എസ് എസും കേന്ദ്ര മന്ത്രിമാരും പിന്മാറണം. ഫെഡറൽ തത്വങ്ങൾ മറന്നു കേരളത്തിനെതിരെ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണ്.
കേരളത്തിലെ സിപിഎം പ്രവർത്തകർ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്റെ പ്രസ്താവന സ്വന്തം അനുയായികളുടെ അക്രമവും ആർ എസ് എസിന്റെ അക്രമ- വർഗീയ രാഷ്ട്രീയവും മൂടിവെക്കാനുള്ള ദുർബലമായ തന്ത്രമാണ്.

ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടത്തുന്ന ജാഥ ആരംഭിക്കുന്നത് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നാണ്. സമാധാനപരമായ ജനജീവിതം നിലനിന്ന അവിടെ ഡിവൈഎഫ് ഐ നേതാവും സി പി ഐ എം പ്രവർത്തകനുമായ സിവി ധനരാജിനെ 2016 ജൂലൈ 11 ന് രാത്രി വീട്ടിൽ വെട്ടി കൊലപ്പെടുത്തിയതെന്തിനായിരുന്നു എന്ന് അമിത്ഷായും നേതാക്കളും സ്വന്തം അനുയായികളോട് ചോദിക്കണം.
ഞാൻ പ്രതിനിധാനം ചെയ്യുന്ന ധർമ്മടം മണ്ഡലത്തിൽ മെയ് 19 നു തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ എൽ ഡി എഫ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ നടന്ന ആർ എസ് എസ് ആക്രമണത്തിലാണ് ചേരിക്കലിലെ സി വി രവീന്ദ്രൻ എന്ന തൊഴിലാളി സഖാവിനെ കൊലപ്പെടുത്തിയത്. രവീന്ദ്രന്റെ മകൻ ഉൾപ്പെടെ ഒൻപതു പേർക്കാണ് അന്ന് ബോംബേറിൽ പരിക്കേറ്റത്. ആ കുടുംബത്തെ കുറിച്ചും മേഖലയിൽ അശാന്തി വിതച്ച ആ കൊലപാതകത്തെ കുറിച്ചും അമിത് ഷായും ജാഥ നടത്തുന്ന ഇതര ബിജെപി നേതാക്കളും അന്വേഷിക്കണം.

ഈ ഒക്‌ടോബര്‍ 10 കെ മോഹനന്റെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാർഷികമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ പത്തിനാണ് സി പി ഐ എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും കള്ള് ഷാപ്പ് തൊഴിലാളിയുമായ കെ മോഹനനെ ജോലിക്കിടയില്‍ ഷാപ്പില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. വാളാങ്കിച്ചാല്‍ എ.കെ.ജി സ്മാരക വായനശാല പ്രസിഡണ്ടായിരുന്ന ആ സർവസ്വീകാര്യനായ പൊതു പ്രവർത്തകനെ എന്തിനായിരുന്നു കൊന്നതെന്ന് അനുയായികളോട് അന്വേഷിക്കാനും അമിത്ഷായും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറും തയാറാകണം.

2017 ജൂലൈ മൂന്നിനാണ് സി പി ഐ എം പ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ശ്രീജന്‍ ബാബുവിനെ തലശ്ശേരി നായനാര്‍ റോഡില്‍ വെച്ച് പകൽ സമയത്തു ആര്‍.എസ്.എസുകാര്‍ വെട്ടി ഭീകരമായി പരിക്കേൽപ്പിച്ചത്. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് രമ്യയുടെ ഭര്‍ത്താവ് കൂടിയായ ശ്രീജന്‍ ബാബുവിന്റെ ജീവൻ ബാക്കിയുണ്ട് എന്നേയുള്ളൂ.

കണ്ണൂരിൽ നടന്ന എല്ലാ സമാധാന ശ്രമങ്ങളെയും ധിക്കരിച്ചു, സ്വന്തം നേതാക്കൾ പങ്കെടുത്തു നടത്തിയ സമാധാന ചർച്ചയെ പോലും അവഗണിച്ചു ആർ എസ് എസ് കണ്ണൂരിൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച്‌ അമിത് ഷാ അന്വേഷിക്കും എന്നാണു കരുതുന്നത്.

അതിനു ശ്രീ പ്രകാശ് ജാവ്‌ദേക്കർ മുൻകൈ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
വ്യാജ പ്രചാരണം കൊണ്ട് കേരളത്തെ കീഴ്പ്പെടുത്തിക്കളയാം എന്ന് സംഘപരിവാർ കരുതേണ്ടതില്ല. സമാധാനം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധമായ ഇടപെടലാണ് സംസ്ഥാന സർക്കാരിൽ നിന്നുണ്ടാകുന്നതു. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു ജാഥാ പ്രഹസനം നടത്തുന്നതിന് പകരം സ്വന്തം അണികളെ അടക്കി നിർത്തി സമാധാനം നിലനിർത്താനുള്ള മുൻകൈയാണ് കേന്ദ്ര മന്ത്രിയിൽ നിന്നും കേന്ദ്ര ഭരണകക്ഷി നേതൃത്വത്തിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

തെറ്റായ പ്രചാര വേല തുടർച്ചയായും സംഘടിതമായും സംഘടിപ്പിക്കുക, തെരുവ് നാടകത്തിലെ രംഗം പോലും “കേരളത്തിലെ കൊലപാതക”മായി പ്രചരിപ്പിക്കാൻ ചില മാധ്യമങ്ങളെ ഉപയോഗിക്കുക, അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉയർത്തി മാധ്യമ ചർച്ചകൾ സംഘടിപ്പിക്കുക- കേരളത്തെ ലക്ഷ്യമിട്ടു നടത്തുന്ന ഈ അഭ്യാസങ്ങൾ കേരളവും മലയാളികളും നെഞ്ചോട് ചേർത്തു വെച്ച മത നിരപേക്ഷതയും ശരിയായ രാഷ്ട്രീയവും സംഘപരിവാറിനെ എത്രയേറെ അലോസരപ്പെടുത്തുന്നു എന്നതിന് തെളിവാണ്. ആ അലോസരവും അസ്വസ്ഥതയുമാണ് ശ്രീ ജാവ്ദേക്കറിന്റെയും മോഹൻ ഭാഗവതിന്റെയും വാക്കുകളിൽ പ്രകടമാകുന്നത്. അമിത്ഷായുടെ ജാഥയും അതിന്റെ പ്രതിഫലനമാണ്.
#keralarejects

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala chief minister pinarayi is playing with fire says rss vijayan hits back

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express