തലശേരി: സംസ്ഥാനത്ത് എലിവേറ്റഡ് ഹൈവേകൾ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശേരിക്കടുത്ത് മമ്പറത്ത് പുതിയ പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വയൽക്കിളികളുടെ സമരത്തിന് സമവായത്തിന് ശ്രമിക്കില്ലെന്ന സൂചനയായി ഇത് മാറി.

“കേരളത്തില്‍ ദേശീയപാത വികസനത്തിന് ഒരു കിലോമീറ്ററിന് സ്ഥലമേറ്റെടുക്കാന്‍ ആറുകോടി രൂപ നല്‍കേണ്ട സാഹചര്യമാണ്. മറ്റ് സംസ്ഥാനങ്ങളിൽ 65 ലക്ഷം രൂപയാണ് പൊതുവേ നല്‍കുന്നത്. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞിരുന്നു. ഭൂമിയുടെ വിലയിൽ പുറകോട്ട് പോകില്ല. പുനരധിവാസം ഉറപ്പാക്കാൻ ന്യായമായ വില നൽകും,” മുഖ്യമന്ത്രി പറഞ്ഞു.

“സ്വപ്‌നത്തിൽ വളരെയേറെ കാര്യങ്ങൾ കാണുന്നവരാണ് ചിലർ. എന്തിനാണ് ഭൂമിയിൽ കൂടി പോകുന്നത്, ആകാശത്ത് കൂടി പോയാൽ പോരേ എന്ന് ചിന്തിക്കുന്നവരാണ് അവർ. അതിന് പുറപ്പെട്ടാൽ കിലോമീറ്ററിന് 140 കോടി രൂപയാണ് ചിലവ്. അത് നമുക്ക് സാധിക്കുന്ന കാര്യമല്ല. കേന്ദ്രസർക്കാരും ഇക്കാര്യം വ്യക്തമാക്കിയതാണ്,” മുഖ്യമന്ത്രി പറഞ്ഞു.

എതിർപ്പുകൾ ഉയർന്നത് കൊണ്ട് പദ്ധതികൾ ഉപേക്ഷിക്കാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, നാടിന്റെ പൊതു ആവശ്യത്തിന് തടസം നിൽക്കുന്നത് ശരിയല്ലെന്നും സഹകരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. എതിർപ്പുമായി മുന്നോട്ട് വരുന്നത് മുഖ്യധാര രാഷ്ട്രീയ പാർട്ടികളല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് വേറെ ചില ശക്തികളാണെന്നും കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook