കൊച്ചി: വിജയദശമി നാളില്‍ ആദ്യക്ഷരം കുറിച്ച് കുഞ്ഞുങ്ങള്‍. സംസ്ഥാനത്തുടനീളം ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. കോവിഡ് മഹാമാരിമൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് വിദ്യാരംഭ ചടങ്ങുകള്‍ വിപുലമായി നടക്കുന്നത്.
കോട്ടയം പനച്ചിക്കാട് ക്ഷേത്രം, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തിരൂരിലെ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നീ പ്രധാന ക്ഷേത്രങ്ങളിലെല്ലാം അതിരാവിലെ മുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. രാഷ്ട്രീയ സാംസ്കാരിക നേതാക്കളും കുട്ടികളെക്കൊണ്ട് ആദ്യക്ഷരം കുറിപ്പിച്ചു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ വച്ചാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ശശി തരൂര്‍ എംപി തിരുവനന്തപുരത്തുള്ള സ്വന്തം വസതിയിലാണ് ചടങ്ങുകളുടെ ഭാഗമായത്. യൂറോപ് സന്ദര്‍ശനത്തിലായതിനാല്‍ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങുകളുടെ ഭാഗമാകാന്‍ സാധിച്ചില്ല.
എന്താണ് ദുര്‍ഗാഷ്ടമി
നവരാത്രി പൂജയിലെ എട്ടാമത്തെ ദിനത്തെയാണ് ദുര്‍ഗാഷ്ടമി എന്ന് വിശേഷിപ്പിക്കുന്നത്. മഹാഷ്ടമിയെന്നും മഹാ ദുർഗാഷ്ടമിയെന്നും ഇത് അറിയപ്പെടുന്നു. നവരാത്രി ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ദിനമായി ഇത് കണക്കാക്കുന്നു. ഈ ദിവസം ദുർഗയുടെ ഒൻപതു ഭാവങ്ങളെ ആരാധിക്കുന്നു. ദേവി ദുർഗയായി അവതരിച്ച ദിവസമായതു കൊണ്ടാണ് ഈ ദിവസം ദുർഗ പൂജ നടത്തുന്നതെന്നാണ് വിശ്വാസം.
ദുർഗയുടെ രൂപമായ സരസ്വതീ ദേവിയെയാണ് കേരളത്തിൽ ആരാധിക്കുന്നത്. കേരളത്തിൽ പൂജവയ്ക്കുന്നത് ദുർഗാഷ്ടമി ദിവസത്തിലാണ്. ദുർഗാഷ്ടമി നാളിൽ വൈകിട്ട് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കും. സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കേണ്ടത്. പൂജവയ്പു കഴിഞ്ഞ് പൂജയെടുക്കും വരെ എഴുത്തും വായനയും പാടില്ല. വിജയദശമിക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും.