തൃശ്ശൂർ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ നാട്ടാന സെൻസസ് പൂർത്തിയായി. ആകെ 521 ആനകൾ കേരളത്തിൽ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്.

401 കൊമ്പനാനകളും 98 പിടിയാനകളും 22 മോഴകളും ആണ് ഈ കൂട്ടത്തിലുളളത്. ആന ഉടമസ്ഥരുടെ അടുത്ത് ഒറ്റ ദിവസം നേരിട്ടെത്തിയാണ് വനം വന്യജീവി വകുപ്പ് അധികൃതർ കണക്കെടുപ്പ് നടത്തിയത്. 2012 ന് ശേഷം ഇതാദ്യമായാണ് കണക്കെടുക്കുന്നത്.

2012 ൽ ജില്ലകൾ തോറും നിശ്ചിത തീയതിയിൽ ആനകളെ എത്തിച്ചാണ് കണക്കെടുത്തതെന്ന് ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് കൺവീനർ വി.കെ.വെങ്കിടാചലം പറഞ്ഞു. ഇപ്പോഴത്തെ കണക്കെടുപ്പിൽ എല്ലാ ആനകളുടെയും വിവരങ്ങൾ ലഭ്യമായെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലെ ഒൻപത് മാസം പ്രായമുളള കണ്ണൻ എന്ന ആനയാണ് ഏറ്റവും പ്രായം കുറഞ്ഞ ആന. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം ചെങ്കളളൂർ ക്ഷേത്രത്തിലുളള ആന ദാക്ഷായണിയാണ് ഏറ്റവും പ്രായമുളള ആന. ഇതിന് 87 വയസ് പ്രായമുണ്ട്.

നാല് വശത്തു നിന്നും ഓരോ ആനയുടെയും ചിത്രം എടുത്തിട്ടുണ്ട്. കൊമ്പിന്റെ നീളം, ആനയുടെ ഉയരം, തുമ്പിക്കൈയുടെ നീളം, വാൽ തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്.  ആന ഉടമകൾ, പാപ്പാന്മാർ, മൈക്രോചിപ്പ് വിവരങ്ങൾ എന്നിവയ്ക്ക് പുറമെ ആനകളുടെ ഡിഎൻഎ അടക്കമുളള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.  ഇതെല്ലാം സുപ്രീം കോടതി നൽകിയ മാർഗ്ഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്.

കാസർഗോഡ് ഒഴികെ മറ്റെല്ലാ ജില്ലകളിലും ആനകളുണ്ട്. കണ്ണൂരിലാണ് ഏറ്റവും കുറവ്. ഇവിടെ മൂന്ന് നാട്ടാനകളാണ് ഉളളത്. അതേസമയം തൃശ്ശൂരിൽ 145 നാട്ടാനകളുണ്ട്. കോഴിക്കോട് 12, വയനാട് 10, മലപ്പുറം 7, പാലക്കാട് 55, എറണാകുളം 23, ഇടുക്കി 48, കോട്ടയം 64, ആലപ്പുഴ 20, പത്തനംതിട്ട 25, കൊല്ലം 61, തിരുവനന്തപുരം 48 എന്നിങ്ങനെയാണ് ആനകളുടെ എണ്ണം.

ഡിസംബർ 31 ന് മുൻപ് നാട്ടാനകളുടെ വിശദ വിവരങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കണം. ജനുവരി മൂന്നാം വാരം ഇതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തുടർവാദം കേൾക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ