തിരുവനന്തപുരം: ഏറെക്കാലമായി കേരളത്തിന്റെ വികസന പദ്ധതികളിൽ മുൻനിരയിൽ തന്നെയുള്ള ശബരി റെയിൽ പാത യാഥാർഥ്യമാകുന്നു. 2815 കോടി രൂപ മൊത്തം ചെലവ് വരുന്ന പദ്ധതിയുടെ അമ്പത് ശതമാനം ഏറ്റെടുക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനുള്ള ബില്ലിന്‍റെ കരടിനും മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ,

1.അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കും. 1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.

2. കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനുള്ള ബില്ലിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ബില്‍പ്രകാരം, സ്വാശ്രയ കോളേജുകളിലേക്ക് നിയമിക്കപ്പെടുന്നവര്‍, കോളേജ് നടത്തുന്ന ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കണം. ശമ്പള സ്കെയില്‍, ഇന്‍ക്രിമെന്‍റ്, ഗ്രേഡ്, പ്രോമോഷന്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ ഉണ്ടാകണം. തൊഴില്‍ ദിനങ്ങളും ജോലി സമയവും ജോലിഭാരവും സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍ക്ക് തുല്യമായിരിക്കും.

3. മെച്ചപ്പെട്ട നഗരാസൂത്രണ നയം രൂപീകരിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന കെട്ടിടനിര്‍മാണം നടത്തുന്നതിനും ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന്‍റെ കരടിനും മന്ത്രിസഭാ അംഗീകാരം.

4. സംസ്ഥാനത്ത് പക്ഷിപ്പനി മൂലം ചത്ത പക്ഷികളുടെയും നശിപ്പിക്കപ്പെട്ട (കള്ളിംഗ്) പക്ഷികളുടെയും ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കും. രണ്ടു മാസത്തിലധികം പ്രായമായ പക്ഷി ഒന്നിന് 200 രൂപയും രണ്ടു മാസത്തില്‍ താഴെ പ്രായമായ പക്ഷി ഒന്നിന് 100 രൂപയുമായിരിക്കും നഷ്ടപരിഹാരം.

5. കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നു രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത് പരിഗണിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുടെ ലൈസന്‍സികള്‍ക്ക് അടഞ്ഞുകിടന്ന കാലത്തെ വാടക ഇളവ് അനുവദിക്കാനും ലീസ് വ്യവസ്ഥയില്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് സ്ഥാപനം അടച്ചിട്ട കാലം കണക്കാക്കി കരാര്‍ കാലാവധി നീട്ടി നല്‍കാനും തീരുമാനിച്ചു.

6. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ വരുന്ന ഡോ. വി.പി. ജോയിയെ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ സര്‍ക്കാരിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിക്കാന്‍ തീരുമാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.