തിരുവനന്തപുരം: പുതുമുഖങ്ങളുമായി മന്ത്രിസഭാ രൂപീകരിക്കുക എന്നത് ദീർഘകാലമായുള്ള ആലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലവിധ കാരണങ്ങളാൽ നേരത്തെ നടപ്പിലാക്കാൻ സാധിക്കാതിരുന്നത് ഇപ്പോഴത്തെ അനുകൂല രാഷ്ട്രീയ സാഹചര്യം മൂലം നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ സർക്കാരിന്റെ പ്രതിച്ഛായക്ക് കെ.കെ.ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതോടെ മങ്ങലേറ്റിരുന്നു, ആ തീരുമാനത്തിന്റെ കാരണം വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“പുതിയ തീരുമാനത്തിന് പിന്നിൽ പാർട്ടിയെയും ഭരണകർത്താക്കളെയും ഭാവി വെല്ലുവിളികൾ നേരിടുന്നതിന് പ്രാപ്തരാക്കുക എന്നതാണ്” സത്യപ്രതിജ്ഞക്ക് ശേഷമുള്ള ആദ്യ ഇന്റർവ്യൂയിൽ മുഖ്യമന്ത്രി ‘ദി ഇന്ത്യൻ എക്സ്പ്രസ്സിനോട്’ പറഞ്ഞു. പുതിയ തീരുമാനത്തെ കുറിച്ച് ദീർഘനാളായുള്ള ആലോചനയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
“ആലോചന ദീർഘ നാളായുണ്ട്,എന്നാൽ പലവിധ കാരണങ്ങളാൽ നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ പാർട്ടി മറ്റൊരു വിട്ടുവീഴ്ചകളുമില്ലാതെ തീരുമാനം നടപ്പിലാക്കുകയായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യവും അതിന് അനുകൂലമായി. കേരളത്തിലെ ജനങ്ങൾ ഇത് സ്വീകരിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
Read Also: മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല : മുഖ്യമന്ത്രി
കെ.കെ.ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് പാർട്ടി തീരുമാനമായിരുന്നുവെന്നാണ് പിണറായി വിജയൻ പറഞ്ഞത്. “പുതുമുഖങ്ങളായ എംഎൽഎമാരെയും മന്ത്രിമാരെയും കൊണ്ടുവരിക എന്നത് പാർട്ടി തീരുമാനമായിരുന്നു. പ്രതിപക്ഷമുൾപ്പടെ ആരോഗ്യമേഖലയിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ ഇപ്പോൾ വലിയ രീതിയിൽ പ്രശംസിക്കുന്നതിൽ സന്തോഷമുണ്ട്. ശൈലജ ടീച്ചറെ പരിഹസിച്ചവർ തന്നെ അവരെ സ്തുതിക്കുന്നുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനങ്ങൾ എല്ലാം ‘ടീം വർക്കിന്റെ’ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “വളരെ കഴിവുള്ള ഒരു യുവതിയാണ് ശൈലജ ടീച്ചറുടെ പിൻഗാമിയായി എത്തിയിരിക്കുന്നത്. കപടവാർത്തകളെല്ലാം അവസാനിപ്പിച്ച് മഹാമാരിയെ നേരിടാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു. മുൻപ് മാധ്യമപ്രവർത്തകയായിരുന്ന വീണ ജോർജാണ് പുതിയ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി.
മുഖ്യമന്ത്രിയുമായി ഇന്ത്യൻ എക്സ്പ്രസ്സ് നടത്തിയ അഭിമുഖം ഇവിടെ വായിക്കാം