scorecardresearch

Latest News

‘ആരും പട്ടിണി കിടക്കരുത്’, സമൂഹ അടുക്കള വീണ്ടും തുടങ്ങാൻ സർക്കാർ

പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം

Kerala, Covid, community kitchen

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രിമാർക്ക് നിർദ്ദേശം നൽകി.

കോവിഡിന്റെ മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ പീക്കിലെത്തുന്നതായി മന്ത്രിസഭായോഗം വിലയിരുത്തി. ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരും പട്ടിണി കിടക്കാതിരിക്കാൻ സമൂഹ അടുക്കള തുടങ്ങാനുള്ള തീരുമാനം.

പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജീവമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Also Read: ഗൂഢാലോചനക്കേസ്: ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി

കേരളത്തിൽ ഇന്നലെ 49,771 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 48.06 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിലെ പ്രൊജക്ഷൻ അനുസരിച്ച് ഫെബ്രുവരി ആറ് വരെ സംസ്ഥാനത്ത് 50,000 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് രോഗ വ്യാപനം അതിതീവ്രമായി തുടരുന്നത്. മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ വരാൻ സാധ്യതയുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cabinet decides to open community kitchen again