scorecardresearch

ഐടി പാർക്കുകളിൽ പബ്ബ് വരും, മദ്യശാലകളുടെ എണ്ണം കൂടും

അതേസമയം, ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു

ബാറുകൾ കൊവിഡ്, Kerala Bar Open, bar, liquor, alcohol, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് ഇന്ന് ചേർന്ന മാന്ത്രിസഭായോഗം അംഗീകാരം നൽകി. 2022-23 വര്‍ഷത്തെ മദ്യനയത്തിനാണ് അംഗീകാരം നൽകിയത്. ഐടി പാർക്കുകളിൽ പബ്ബും ബാറും തുടങ്ങാൻ അനുമതി നൽകുന്നതാണ് പുതിയ മദ്യനയം. കര്‍ശനമായ വ്യവസ്ഥകളോടെയാണ് ലൈസന്‍സ് അനുവദിക്കുക. കൂടുതൽ വിദേശ മദ്യശാലകൾ തുടങ്ങാനും അനുമതി നൽകും.

ബിവറേജസ് കോർപറേഷൻ കീഴിൽ നൂറിലധികം ഔട്ട്ലറ്റുകൾ ആരംഭിക്കാനാണ് നിർദേശമുള്ളത്. ടൂറിസം മേഖലകളിൽ ഉൾപ്പെടെ പുതിയ ഔട്ട്ലറ്റുകൾ വരും. ജനവാസമേഖലകളിൽ നിന്ന് മാറി സ്ഥലസൗകര്യമുള്ള ഇടങ്ങളിൽ ഇവ ആരംഭിക്കാനാണ് തീരുമാനം. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ ആരംഭിക്കും. ആളുകൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങാനുള്ള സഹാചര്യം ഒരുക്കാനാണ് തീരുമാനം.

കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി ധാന്യങ്ങള്‍ ഒഴികെയുള്ള തനത് കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനും തീരുമാനമായിട്ടുണ്ട്. 2023-24 വര്‍ഷം മുതല്‍ പ്ലാസ്റ്റിക് നിര്‍മ്മിത കുപ്പികളിൽ മദ്യം വിതരണം ഉണ്ടാവില്ല.

ഐടി മേഖലയിലെ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഐടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കുന്നത്. ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള പബ്ബുകളാകും ഇവിടങ്ങളിൽ ആരംഭിക്കുക. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള ഐ ടി സ്ഥാപനങ്ങൾക്കാവും ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ടാകും. പാർക്കിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന ഇവയിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനമുണ്ടാവില്ല.

അതേസമയം, ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തിയത്. ഓർഡിനൻസിന്മേലുള്ള എതിർപ്പ് മന്ത്രിസഭാ യോഗത്തിൽ സിപിഐ അറിയിച്ചിരുന്നു. ലോകായുക്ത ഓർഡിനൻസിൽ സിപിഐക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്നാണ് മന്ത്രി കെ രാജൻ വ്യക്തമാക്കി. എന്നാൽ ബിൽ വരുമ്പോൾ ചർച്ചയാകാമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും നിയമന്ത്രിയുടെയും മറുപടി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cabinet approves new liquor policy