scorecardresearch

കീഴടങ്ങുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പുനരധിവാസ പാക്കേജ്: അഞ്ച് ലക്ഷം രൂപവരെ നൽകും

മൂന്ന് കാറ്റഗറികളിലായി തരംതിരിച്ചാണ് പുനരധിവാസ പാക്കേജ് നടപ്പാക്കുക. സംഘടനയിലെ സ്ഥാനവും പ്രവർത്തനവും പരിഗണിച്ചാണ് കാറ്റഗറി തിരിക്കുക

maoist, rehabilitation package for maoist

തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങല്‍-പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മാവോയിസ്റ്റുകളുടെ സ്വാധീനത്തിലായവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു.

കീഴടങ്ങിയവര്‍ തീവ്രവാദപ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചുപോകാതിരിക്കാന്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. എന്നാല്‍ ആനുകൂല്യങ്ങള്‍ നേടുന്നതിന് മാത്രമായി തന്ത്രപരമായി കീഴടങ്ങുന്നവരെ മാറ്റിനിര്‍ത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്.

മാവോയിസ്റ്റുകളെ  അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചിട്ടുണ്ട്. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുളളവര്‍ക്കും നിർദേശിച്ചിട്ടുളളത്. ഉയര്‍ന്ന കമ്മിറ്റികളിലുളളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തില്‍ വരുന്നത്. അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കും. ഗഡുക്കളായാണ് തുക നല്‍കുക. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ നല്‍കും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കും. തൊഴില്‍ പരിശീലനം ആവശ്യമുളളവര്‍ക്ക് മൂന്നു മാസം വരെ 10,000 രൂപ നല്‍കും. കാറ്റഗറി 2 എ, കാറ്റഗറി 2 ബി എന്നിവയില്‍ വരുന്നവര്‍ക്ക് സറണ്ടര്‍ ചെയ്യുമ്പോള്‍ മൂന്നു ലക്ഷം രൂപയാണ് നല്‍കുക. ഇതും ഗഡുക്കളായിട്ടായിരിക്കും നല്‍കുക.

തങ്ങളുടെ ആയുധം പൊലീസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഉദാഹരണമായി എകെ 47 സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് 25,000 രൂപയാണ് നല്‍കുക. മൂന്നു വിഭാഗത്തിലുംപെട്ട വീടില്ലാത്തവര്‍ക്ക് സര്‍ക്കാരിന്‍റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും നിർദേശമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cabinet approved rehabilitation package for maoists