തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്തിലൂടെ ജയിച്ചത് എല്‍ഡിഎഫ് മാത്രമല്ലെന്നും ഇന്നാട്ടിലെ രാഷ്ട്രീയ പ്രബുദ്ധതയുടെ തെളിവാണ് മണ്ഡലത്തിൽ കണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജന മനസുകളെന്ന് വ്യക്തമായതില്‍ സന്തോഷമെന്നും കടകംപള്ളി പ്രതികരിച്ചു.

പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ വ്യക്തിപരമായ അധിക്ഷേപിക്കപ്പെട്ട സമയത്ത് താന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂര്‍ക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാകുമെന്ന്. പ്രശാന്തിനെ തോല്‍പ്പിക്കാന്‍ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമമുണ്ടായപ്പോള്‍ സമുദായ ശാസനകള്‍ മറി കടന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രശാന്തിനെ വിജയിപ്പിക്കുന്നതിന് നിലയുറപ്പിച്ചത് നേരിട്ടാന്‍ മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.

Read More: Kerala ByPoll Results 2019 Live Updates: കോന്നിയില്‍ അട്ടിമറി വിജയം; അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍

വട്ടിയൂര്‍ക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ ഫലം പകര്‍ന്നു നല്‍കുന്നത് ഈ നാട് തോല്‍ക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണെന്നും കടകംപള്ളി പ്രതികരിച്ചു. ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും സംഘടനാസംവിധാനത്തിന്റെ കരുത്ത് പൂര്‍ണമായും പ്രകടിപ്പിക്കാനായതിനൊപ്പം പ്രശാന്തിന്റെ വ്യക്തിപരമായ മേന്മയും ഗുണം ചെയ്തിട്ടുണ്ടെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് വിജയിച്ചത് 14,465 വോട്ടുകള്‍ക്ക്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ്. 54830 വോട്ടുകളാണ് വികെ പ്രശാന്ത് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.