കൊച്ചി: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. ഒക്ടോബര്‍ 24 നാണ് ഫല പ്രഖ്യാപനം.അതിനായി ഇനിയും കാത്തിരിക്കണമെങ്കിലും എക്സിറ്റ് പോള്‍ പുറത്ത് വന്നു തുടങ്ങിയിരിക്കുകയാണ്.
വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സെെറ്റ്സ് എക്സിറ്റ് പോള്‍. യുഡിഎഫ് 37 ശതമാനം വോട്ടുമായി ജയിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വികെ പ്രശാന്ത് 36 ശതമാനം വോട്ടുമായി രണ്ടാമതെത്തുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. 26 ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്.
അതേസമയം, മാതൃഭൂമിന്യൂസ്-ജിയോവെെഡ് എക്സിറ്റ് പോള്‍ പറയുന്നത് വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്തിലൂടെ എല്‍ഡിഎഫ് ജയിക്കുമെന്നാണ്. എല്‍ഡിഎഫ് 41 ശതമാനം വോട്ടുമായി ഒന്നാമത് എത്തുമ്പോള്‍ യുഡിഎഫ് 37 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. എന്‍ഡിഎയ്ക്ക് 20 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്.
കോന്നിയില്‍ എല്‍ഡിഎഫ് ജയിക്കുമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ പറയുന്നത്. യുഡിഎഫിന് 41 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ എല്‍ഡിഎഫ് 46 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. കോന്നിയില്‍ കെ.യു.ജനീഷ് കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പി.മോഹന്‍രാജാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെ.സുരേന്ദ്രനാണ് എന്‍ഡിഎയ്ക്കായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ബിജെപി 12 ശതമാനം വോട്ടും നേടുമെന്ന് പോള്‍ പ്രവചിക്കുന്നു. 2016 ലേതിനേക്കാള്‍ 9.55 ശതമാനം മുന്നിലാണ് എല്‍ഡിഎഫ്. അതേസമയം, യുഡിഎഫ് 9.99 ശതമാനം വോട്ടിന് പിന്നിലായിരിക്കുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു.
കോന്നിയില്‍ യുഡിഎഫ് 41 ശതമാനം വോട്ടുമായി വിജയിക്കുമെന്ന് മാതൃഭൂമി-ജിയോവെെഡ് എക്സിറ്റ് പോള്‍ പറയുന്നു.എല്‍ഡിഎഫിന് 39 ശതമാനവും എന്‍ഡിഎയ്ക്ക് 19 ശതമാനവുമാണ് മാതൃഭൂമി-ജിയോവെെഡ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
അതേസമയം, മഞ്ചേശ്വരം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ പറയുന്നു. യുഡിഎഫിന് 36 ശതമാനം വോട്ടാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം, എല്‍ഡിഎഫും എന്‍ഡിഎയും 31 ശതമാനം വോട്ടുമായി ഒപ്പത്തിന് ഒപ്പം എത്തുമെന്നും എക്സിറ്റ് പോള്‍ പറയുന്നു.
എന്നാല്‍ മാതൃഭൂമി ന്യൂസ്-ജിയോവെെഡ് എക്സിറ്റ് പോള്‍ പറയുന്നത് മഞ്ചേശ്വരത്ത് യുഡിഎഫ് 40 ശതമാനം വോട്ടുകള്‍ നേടുമെന്ന് പറയുന്നു. ബിജെപി 37 ശതമാനം വോട്ടുകള്‍ നേടുമെന്ന പറയുന്ന എക്സിറ്റ് പോള്‍ എല്‍ഡിഎഫിന് 21 ശതമാനമാണ് പ്രവചിക്കുന്നത്. മഞ്ചേശ്വരത്ത് എം.സി.കമറുദ്ദീനാണ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.എല്‍ഡിഎഫിനായി ശങ്കര്‍ റെെയും എന്‍ഡിഎയ്ക്കായി രവീശ തന്ത്രി കുണ്ടാറും മത്സരിക്കുന്നു.
അരൂരില്‍ മനോരമന്യൂസ്-കാര്‍വി ഇന്‍സെെറ്റ്സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത് ഫോട്ടോ ഫിനിഷാണ്. 44 ശതമാനവുമായി അരൂരില്‍ എല്‍ഡിഎഫ് ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന് 43 ശതമാനം വോട്ടുമായി രണ്ടാമതും എന്‍ഡിഎ 31 ശതമാനവുമായി മൂന്നാമതുമെത്തുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. അരൂരില്‍ എല്‍ഡിഎഫിന്റെ മനു.സി.പുളിക്കല്‍ തന്നെ വിജയിക്കുമെന്നാണ് മാതൃഭൂമിയുടെ എക്സിറ്റ് പോള്‍ പറയുന്നത്. മനോരമ ന്യൂസിന്റെ ഫലം തന്നെയാണ് മാതൃഭൂമി-ജിയോവെെഡും അരൂരില്‍ പ്രവചിക്കുന്നത്. 44 ശതമാനം എല്‍ഡിഎഫിനും 43 ശതമാനം യുഡിഎഫിനും.
മാതൃഭൂമി ന്യൂസ്-ജിയോവെെഡ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത് എറണാകുളത്ത് യുഡിഎഫിന്റെ വിജയമാണ്. യുഡിഎഫ് 44 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ എല്‍ഡിഎഫ് 39 ശതമാനം വോട്ടും എന്‍ഡിഎ 15 ശതമാനം വോട്ടും നേടുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. എറണാകുളത്ത് യുഡിഎഫ് അനായാസം ജയിക്കുമെന്നാണ് മനോരമ-കാര്‍വി ഇന്‍സെെറ്റ്സ് എക്സിറ്റ് പോള്‍ പറയുന്നത്. 55 ശതമാനം വോട്ടാണ് യുഡിഎഫിന്റെ ടി.ജെ.വിനോദിന് പ്രവചിക്കുന്നത്. എല്‍ഡിഎഫ് 30 ശതമാനം വോട്ടും എന്‍ഡിഎ 12 ശതമാനം വോട്ടും നേടുമെന്നും എക്സിറ്റ് പോള്‍ പറയുന്നു.
രണ്ട് എക്സിറ്റ് പോളുകളും യുഡിഎഫിന് മൂന്ന് സീറ്റും എല്‍ഡിഎഫിന് രണ്ട് സീറ്റുമാണ് പ്രവചിക്കുന്നത്. രണ്ട് എക്സിറ്റ് പോളുകളും അരൂരില്‍ ഫോട്ടോഫിനിഷിലൂടെ എല്‍ഡിഎഫ് മുന്നിലെത്തുമെന്ന് പ്രവിചിക്കുന്നു. അതേസമയം, തിരഞ്ഞെടുപ്പ് പ്രചരണത്തിലുണ്ടായിരുന്നു അതേ ആകാംഷയാണ് വട്ടിയൂര്‍ക്കാവ് എക്സിറ്റ് പോളിലും നല്‍കുന്നത്.
വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം യുഡിഎഫും ഒരെണ്ണം എല്‍ഡിഎഫുമാണ് കൈവശം വച്ചിരിക്കുന്നത്. ബിജെപിക്ക് നല്ല പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കോന്നിയും. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.