തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് എംപിമാരായ നാല് നിയമസഭാ സാമാജികര്‍ ഒഴിഞ്ഞതും രണ്ട് സാമാജികര്‍ മരിച്ചതുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഒക്ടോബറില്‍ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. ഒഴിവുവന്ന് ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്തും. ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളുള്ളതിനാല്‍ മൂന്ന് മുന്നണികള്‍ക്കും ഈ ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.

കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച എംഎല്‍എമാര്‍ നാല് പേരാണ്. ഇവര്‍ നാല് പേര്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത് കൂടാതെ നിയമസഭാ സാമാജികർ അന്തരിച്ച രണ്ട് മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ആകെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളില്‍ നിന്നായി ഒന്‍പത് എംഎല്‍എമാരാണ് മത്സരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് എംഎല്‍എമാരും എല്‍ഡിഎഫില്‍ നിന്ന് ആറ് എംഎല്‍എമാരും. അതില്‍ നാല് പേര്‍ വിജയിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് (കോന്നി എംഎല്‍എ), എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ (എറണാകുളം എംഎല്‍എ), വടകര ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളധീരന്‍ (വട്ടിയൂര്‍ക്കാവ് എംഎല്‍എ), ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് (അരൂര്‍ എംഎല്‍എ) എന്നിവരാണ് എംപിമാരായിരിക്കുന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിനാൽ എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.

ഈ നാല് സീറ്റുകള്‍ക്ക് പുറമേ രണ്ട് എംഎല്‍എമാര്‍ അന്തരിച്ച മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കെ.എം.മാണി (യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് എം) എംഎല്‍എയായിരുന്ന പാലാ നിയോജക മണ്ഡലത്തിലും പി.ബി.അബ്ദുള്‍ റസാഖ് (യുഡിഎഫ്) എംഎല്‍എയായിരുന്ന മഞ്ചേശ്വരത്തും ആണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.