കൊച്ചി: മൂന്നു തോല്‍വികള്‍ക്കൊടുവില്‍ ഇടതുകോട്ടയായ അരൂരില്‍ അട്ടിമറി വിജയം നേടി ഷാനിമോള്‍ ഉസ്മാന്‍. 2006ല്‍ പെരുമ്പാവൂര്‍, 2016 ല്‍ ഒറ്റപ്പാലം നിയമസഭാ മണ്ഡലങ്ങളിലും 2019ല്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലും തോറ്റ ഷാനിമോള്‍ 2079 വോട്ടിനാണ് അരൂര്‍ തിരിച്ചുപിടിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്ന മൂന്നാമത്തെ വനിതയാണു ഷാനിമോള്‍ ഉസ്മാന്‍.

അരൂരില്‍ കോണ്‍ഗ്രസ സ്ഥാനാര്‍ഥി വിജയിക്കുന്നത് ഇതു മൂന്നാം തവണയാണ്. മണ്ഡലരൂപീകരണത്തിന്റെ തുടക്കത്തില്‍ രണ്ടുതവണ പി.എസ്. കാര്‍ത്തികേയന്‍ ജയിച്ചതാണ് ഇതിനു മുന്‍പ് കോണ്‍ഗ്രസിന്റെ നേട്ടം. 2016ല്‍ സി.പി.എം സ്ഥാനാര്‍ഥി എ.എം.ആരിഫ് 38,519 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ചിടത്താണ് ഇത്തവണ ഷാനിമോള്‍ ഉസ്മാന്റെ അട്ടിമറി നേട്ടമുണ്ടായത്.

 

 

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ആലപ്പുഴയില്‍ എ.എം.ആരിഫിനോടു തോറ്റ ഷാനിമോള്‍ ഉസ്മാന്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ 649 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ഏക യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ഷാനിമോള്‍. ആലപ്പുഴയിലെ വിജയത്തെത്തുടര്‍ന്ന് ആരിഫ് നിയമസഭാംഗത്വം രാജിവച്ചതോടെയാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Read Also: ശരിദൂരമാണ്, കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടില്ല: സുകുമാരന്‍ നായര്‍

ദൈവത്തിനു നന്ദിയെന്നായിരുന്നു വിജയത്തെക്കുറിച്ച് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം. “ഇടതുമുന്നണിയുടെ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിനു കാരണമായത്. അരൂരിന്റെ മനസ് യുഡിഎഫിനോടൊപ്പമാണെന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണ്. അരൂരിലെ ജനതയ്ക്കു നന്ദി,” ഷാനിമോള്‍ പറഞ്ഞു.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായ ഷാനിമോള്‍ ഉസ്മാന്‍ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവര്‍ത്തനത്തിനു തുടക്കംകുറിക്കുന്നത്. എ.ഐ.സിസി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭയുടെ ആദ്യ വനിതാ അധ്യക്ഷയാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു. ആലപ്പുഴ എസ്ഡി കോളേജ്, തിരുവനന്തപുരം ലയോള കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഡ്വ. എ. മുഹമ്മദ് ഉസ്മാനാണു ഭര്‍ത്താവ്.

Read Also: വട്ടിയൂർക്കാവ് ആരുടെയും വത്തിക്കാനല്ലെന്ന് ചില സമുദായങ്ങൾക്ക് മനസിലായി: വെള്ളാപ്പള്ളി നടേശൻ

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ 38,519 വോട്ടിന്റെ ഭൂരിപക്ഷം നേടിയ എ.എം ആരിഫിന് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 52.34 ശതമാനം ലഭിച്ചിരുന്നു. കോണ്‍ഗ്രസിലെ സി.ആര്‍ ജയപ്രകാശിനെയാണ് തോല്‍പ്പിച്ചത്. 10 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് അരൂര്‍ മണ്ഡലം. ഇതില്‍ ഏഴും ഭരിക്കുന്നത് എല്‍ഡിഎഫാണ്. തുറവൂര്‍, കുത്തിയതോട്, അരൂര്‍, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, ചേന്നം പള്ളിപ്പുറം പഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. കോടംതുരുത്ത്, എഴുപുന്ന, പെരുമ്പളം പഞ്ചായത്തുകളില്‍ യുഡിഎഫിനാണു ഭരണം.

അരൂരില്‍നിന്നു നിയമസഭയിലെത്തുന്ന അഞ്ചാമത്തെ പ്രതിനിധിയാണു ഷാനിമോള്‍. കെ.ആര്‍ ഗൗരിയമ്മ (ഒന്‍പതു തവണ), എ.എം ആരിഫ് (മൂന്നു തവണ), പി.എസ് കാര്‍ത്തികേയന്‍ (രണ്ടു തവണ), പിഎസ് ശ്രീനിവാസന്‍ (ഒരു തവണ) എന്നിവരാണ് ഇതിനു മുന്‍പ് അരൂരിനെ പ്രതിനിധീകരിച്ച നാലുപേര്‍.

Read Also: ചെറിയ കാര്യമല്ല, ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു; തോല്‍വിയില്‍ കെ.സുരേന്ദ്രന്‍

1957ല്‍ അരൂര്‍ മണ്ഡലം രൂപീകരിച്ചശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ 10 തവണയും ഇടതു മുന്നണിക്കായിരുന്നു വിജയം. കെ.ആര്‍ ഗൗരിയമ്മ ഏഴുതവണയും എ.എം ആരിഫ് മൂന്നു തവണയും ഇടതുസ്ഥാനാര്‍ഥികളായി ജയിച്ചു. 1957,1960 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.എസ് കാര്‍ത്തികേയനും 1977ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ സ്ഥാനാര്‍ഥി പിഎസ് ശ്രീനിവാസനും 1991,’96 തെരരെഞ്ഞടുപ്പുകളില്‍ ജെഎസ്എസ് പ്രതിനിധിയായി ഗൗരിയമ്മയും വിജയിച്ചു.

ഗൗരിയമ്മ ഒന്‍പതു തവണയാണു അരൂരിനെ പ്രതിനിധീകരിച്ചത്. 1965,’67,’70,’80,’82,’87,’91,’96,2001 തെരഞ്ഞെടുപ്പുകളിലായിരുന്നു ഗൗരിയമ്മയുടെ വിജയം. 1991,96 തെരരെഞ്ഞടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു വിജയം. 2006ല്‍ എഎം ആരിഫിനോട് ഗൗരിയമ്മ അടിയറവ് പറഞ്ഞു. 2011ലും 2016ലും എ.എം. ആരിഫ് വിജയം തുടര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.