തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മറ്റ് അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളാരെന്നറിയാനുള്ള ആകാംക്ഷയിലാണു രാഷ്ട്രീയ കേരളം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

സ്ഥാനാർത്ഥികളെ തീരുമാനിക്കാനായി എൽഡിഎഫിന്റെ യോഗം ഇന്ന് ചേരും. എന്‍ഡിഎ നേതൃതം ഇന്ന് കൊച്ചിയിൽ ഔദ്യോഗിക ചര്‍ച്ച നടത്തും. യുഡിഎഫിൽ നാലിടത്ത് കോണ്‍ഗ്രസും ഒരിടത്ത് മുസ്ലിം ലീഗും മത്സരിക്കും. സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ക്ക് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നു തുടക്കം കുറിക്കും. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർഥികളായി പരിഗണിക്കുന്നക്കുന്നവരോട് ഇന്ന് പാണക്കാട്ട് എത്താൻ  സംസ്ഥാന  അധ്യക്ഷൻ പാണക്കാട്  ഹെെദരലി ശിഹാബ് തങ്ങള്‍ നിർദേശിച്ചിട്ടുണ്ട്.

Read More: കുമ്മനം രാജശേഖരന്റെ വാദം തള്ളി പാർട്ടി; സാധ്യത പട്ടികയിൽ ഉൾപ്പെടുത്തി</a>

എല്‍ഡിഎഫില്‍ വട്ടിയൂര്‍ക്കാവിലേക്കു തിരുവന്തപുരം മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ക്കാണു സാധ്യത. കോന്നിയില്‍ മുന്‍ സ്ഥാനാര്‍ഥി എം.എസ് രാജേന്ദ്രന്‍, ഡി.വൈഎഫ്.ഐ നേതാവ് കെ.യു ദനീഷ് കുമാര്‍, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എന്നിവരുടെയും എറണാകുളത്ത് മനു റോയി, റോണ്‍ ബാസ്റ്റിയന്‍, യേശുദാസ് പാറപ്പള്ളി എന്നിവരുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നു.

അരൂരില്‍ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു, മനു സി പുളിക്കല്‍, പി.പി ചിത്തരജ്ഞന്‍ എന്നിവരാണു പരിഗണനയിൽ. മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു, കെ. ആര്‍ ജയാനന്ദ എന്നിവരുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.

Read More: പത്മജ മത്സരിക്കേണ്ട; കുടുംബവാഴ്‌ച എന്ന് ആരോപണമുയരും: കെ. മുരളീധരൻ

വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മോഹൻകുമാർ, പീതാംബരക്കുറുപ്പ്, നെയ്യാറ്റിൻകര സനൽ എന്നിവരുടെ പേരുകളാണു പ്രധാനമായും ഉയരുന്നത്. കോന്നിയിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററാണ് അടൂർ പ്രകാശിന്‍റെ നിർദേശം.

കെപിസിസി അംഗം പഴകുളം മധു, ഡിസിസി പ്രസിഡന്‍റ്  ബാബു ജോർജ്, മോഹൻരാജ് എന്നിവരും പട്ടികയിലുണ്ട്. അരൂരിൽ ഷാനിമോൾ ഉസ്മാൻ, എം ലിജു എന്നിവരുണ്ടെങ്കിലും സീറ്റ് എ ഗ്രൂപ്പിന്‍റെതാണ്. എറണാകുളത്ത് ടി ജെ വിനോദിനാണു മുൻതൂക്കം. കെവി തോമസ് സീറ്റ് നേടാൻ ദില്ലി കേന്ദ്രീകരിച്ച് ചർച്ചകൾ സജീവമാക്കി.

ബിജെപി കോർകമ്മിറ്റി ചേർന്ന് സാധ്യതപട്ടിക തയ്യാറാക്കി കഴിഞ്ഞു. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും ശ്രീധരൻപിള്ളയ്ക്കുമൊപ്പം വിവി രാജേഷിന്‍റെ പേരും എൻ.ഡി.എ  സ്ഥാനാർഥികളായി പരിഗണനയിലുണ്ട്. കുമ്മനത്തിന്‍റെ കാര്യത്തിൽ ആർഎസ്എസ് അന്തിമ തീരുമാനമെടുക്കും. കോന്നിയിൽ ശോഭാ സുരേന്ദ്രനും സാധ്യതയേറി.

വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21നാണു നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണു തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 നാണു ഫലപ്രഖ്യാപനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.