തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം തുടരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും യുഡിഎഫില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയാകുകയും ചെയ്ത സാഹചര്യത്തില്‍ ബിജെപി പ്രതിസന്ധിയിലായിരിക്കുകയാണ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തതാണു ബിജെപിക്ക് ഏറ്റവും വലിയ വെല്ലുവിളി.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കണമെന്നു സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും മുതിര്‍ന്ന നേതാക്കള്‍ അടക്കം ആവശ്യപ്പെട്ടു. എന്നാല്‍, മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു കുമ്മനം. ആര്‍എസ്എസ് വഴി കുമ്മനത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.

Read Also: എറണാകുളം ചാടികടക്കാന്‍ സിപിഎം; ഉറച്ച കോട്ടയില്‍ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്

മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളിലാണു ബിജെപി പ്രതീക്ഷവയ്ക്കുന്നത്. മൂന്നിടത്തും മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്നു ബിജെപി കണക്കുകൂട്ടുന്നു. കുമ്മനം രാജശേഖരന്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നാല്‍ എം.ടി. രമേശിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനും ബിജെപി നീക്കം നടത്തുന്നുണ്ട്.

കോന്നിയിൽ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരെയാണു പരിഗണിക്കുന്നത്. മഞ്ചേശ്വരത്തു ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യനായ പൊതുവ്യക്തിയെ കണ്ടെത്താനാണു നീക്കം. കോന്നിയിലോ മഞ്ചേശ്വരത്തോ കെ. സുരേന്ദ്രൻ മത്സരിക്കണമെന്നു ബിജെപി സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു. എന്നാൽ, മത്സരിക്കാനില്ലെന്നു സുരേന്ദ്രൻ ആവർത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.