തിരുവനന്തപുരം∙ കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. സംസ്ഥാനത്തിന്രെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾ കലുഷിതമായ നിലനിൽക്കുന്ന സ്ഥിതിയിലാണ് ഇത്തവണ നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത്. നാളെ ആരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി ഏഴിന് സഭയുടെ ഈ സമ്മേളനം സമാപിക്കും,

നാളെ ഗവർണറുടെ നയപ്രഖ്യാപനമാണ് നടക്കുക. ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കും. ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ മൂന്നു ദിവസമായിരിക്കും ബജറ്റ് ചർച്ച. ഏഴിന് സഭാ സമ്മേളനം സമാപിക്കും.

നയപ്രഖ്യാപനം കഴിഞ്ഞ്  സഭ നാളത്തേയ്ക്ക് പിരിയും നിലവിലെ സഭയിലെ അംഗമായായിരുന്ന ചെങ്ങന്നൂർ എം എൽ എ കെ.കെ. രാമചന്ദ്രൻ നായർക്കും മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായർക്കും ചൊവ്വാഴ്ചയായിരിക്കും സഭ ചരമോപചാരം അർപ്പിക്കുക.

നിക്ഷേപങ്ങൾ പ്രോൽസാഹിപ്പിക്കലും തടസ്സംനീക്കലുമായി ബന്ധപ്പെട്ട ബിൽ ഈ സമ്മേളനത്തിൽ പരിഗണനയ്ക്ക് വരും.

സോളാർറിപ്പോർട്ട് വെയ്ക്കാനുളള പ്രത്യേക സമ്മേളനത്തിന് ശേഷം ചേരുന്ന സമ്മേളനത്തിൽ സോളാർ റിപ്പോർട്ട് നടപടി മുതൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും കെ. എം മാണിയും കാനം രാജേന്ദ്രനും സിപി ഐയും സി പിഎമ്മും തമ്മിലുളള തർക്കവും  കണ്ണൂരിലെ സംഭവവികാസങ്ങളെ കുറിച്ചുളള ഗവർണറുടെ പരാമർശവുമെല്ലാം ആയുധങ്ങളാകും. വീരേന്ദ്രകുമാറിന്രെ ജനതാദൾ യു ഡി എഫ് വിട്ടതും മാണിയുടെ സമീപനവുമെല്ലാം ഭരണപക്ഷത്തിന് ശക്തിപകരുമെങ്കിലും തോമസ് ചാണ്ടി വിഷയവും മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചതുമെല്ലാം പ്രതിപക്ഷത്തിന്രെ കുന്തമുനകളാകും.

കേരളം കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ധനമന്ത്രി ഡോ. തോമസ് ഐസക്ക് ജി എസ് ടിയെ അനുകൂലിച്ചതും പ്രതികൂലിച്ചതുമെല്ലാം പ്രതിപക്ഷം ആയുധമാക്കും. കേരളത്തിൽ വരവിനേക്കാൾ ചെലവ് കൂടി എന്ന് ധനമന്ത്രി തന്നെ പറയുന്നു. കഴിഞ്ഞ രണ്ട് മാസമായി കേരളത്തിലെ നികുതി വരുമാനം കുറഞ്ഞത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

കെ. എസ് ആർ ടിസിയാകും വിവാദമാകുന്ന മറ്റൊരു വിഷയം. കെ. എസ് ആർ ടി സി പെൻഷൻകാരുടെ ദുരവസ്ഥ സർക്കാരിന്രെ വാദമുഖങ്ങളെ കട്ടപ്പുറത്താക്കുമെന്നാണ് പ്രതിപക്ഷത്തിന്രെ കണക്കുകൂട്ടൽ. ഹൈക്കോടതിയിൽ സർക്കാർ കൊടുത്ത സത്യവാങ്മൂലം ഉൾപ്പടെ തങ്ങളുടെ ആവനാഴി നിറച്ചാണ് പ്രതിപക്ഷം സഭയിലെത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ