തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളടങ്ങിയ രേഖ ചോർന്നതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ധനമന്ത്രി രാജിവയ്ക്കണമെന്നും പുതിയ മന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം വിഷയത്തിൽ ധനകാര്യമന്ത്രി ടിഎം തോമസ് ഐസകിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി.സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിയും അന്വേഷണം നടത്തും

ധനമന്ത്രിയുടെ രാജി, പുതിയ ബജറ്റ് ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരള കോൺഗ്രസ്(എം) നേതാവ് കെഎം മാണിയും ഗവർണർ പി സദാശിവത്തെ കണ്ടു. ബജറ്റ് പ്രസംഗം നടക്കുന്നതിനിടയിൽ വിവരങ്ങൾ ചോർന്നത് ബജറ്റിന്റെ സാധുത ഇല്ലാതാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ ധനമന്ത്രി തോമസ് ഐസകിന് സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ബജറ്റിന്റെ രഹസ്യ സ്വഭാവം നഷ്ടമായ സാഹചര്യത്തിൽ പുതിയ ബജറ്റ് അവതരിപ്പിക്കാൻ ആവശ്യപ്പെടണമെന്നാണ് പ്രതിപക്ഷം ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്.

ധനകാര്യ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ.മനോജ് കുമാറിനെയാണ് വൈകിട്ട് സ്ഥാനത്ത് നിന്ന് മാറ്റിയത്. ചോർച്ച സംഭവം വിവാദമായ ഉടൻ തന്നെ എകെജി സെന്ററിൽ സിപിഎം അടിയന്തിര സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേർന്നു. ഇതിൽ ധനമന്ത്രി തോമസ് ഐസക് പങ്കെടുത്തില്ല. പിന്നീട് യോഗം കഴിഞ്ഞ് സെക്രട്ടേറിയേറ്റിൽ തിരിച്ചെത്തിയ മുഖ്യമന്ത്രിയെ തോമസ് ഐസക് സന്ദർശിച്ചു. ഇതിന് ശേഷമാണ് മനോജിനെ നീക്കിയത്. മന്ത്രിയുടെ പ്രസ് സെക്രട്ടറി ചുമതല വഹിച്ചിരുന്നത് മനോജായിരുന്നു.

രാവിലെ 9 മണിക്ക് തുടങ്ങിയ ബജറ്റ് പ്രസംഗം ഒന്നര മണിക്കൂറോളം പിന്നിട്ട ശേഷമാണ്, ബജറ്റ് പുറത്തായെന്ന ആരോപണവുമായി പ്രതിപക്ഷം സഭയിൽ ബഹളം വച്ചത്. അംഗങ്ങൾക്ക് ലഭിക്കും മുൻപ് തന്നെ ബജറ്റ് വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു പോയതിനെ തുടർന്നാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ