തിരുവനന്തപുരം: സംസ്ഥാനത്ത് ബജറ്റ് നിർദേശത്തിലെ നിരക്ക് വർധന നിലവിൽ വന്നു. ക്ഷേമെ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കൂടി. മദ്യത്തിന്റെ വിലയും ഇന്നു മുതൽ കൂടും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനയും പ്രാബല്യത്തിൽ വന്നു.
റോഡ് സുരക്ഷാ സെസ് വർധനയും നിലവില്‍ വന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് 50 ആയിരുന്നത് 100 രൂപയായി. കാറുകള്‍ക്ക് 100 രൂപയായിരുന്നത് 200 ആയി. മദ്യത്തിന് ഒരു കുപ്പിക്ക് 40 രൂപവരെയാണ് കൂടിയത്. 500 മുതൽ 999 രൂപവരെയുള്ള മദ്യത്തിന് 20 രൂപ, 1000ന് മുകളില്‍ വിലയുള്ളവയ്ക്ക് 40 രൂപ കൂടി. ഭൂമി ന്യായവിലയില്‍ ഇന്ന് മുതല്‍ 20% വര്‍ധന. ആനുപാതികമായി റജിസ്ട്രേഷന്‍ ചെലവ് കൂടും.
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദേശങ്ങൾ നിലവിൽ വന്നത്. ജനദ്രോഹ നികുതികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇന്നു കരിദിനം ആചരിക്കും. മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍സമയത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയര്‍ത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും.