തിരുവനന്തപുരം: ഇന്ധനത്തിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വാഹനികുതി വര്‍ധിപ്പിച്ചും അധികവരുമാനം ലക്ഷ്യമിട്ട് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു. പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസും വര്‍ധിപ്പിച്ചു.
പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നു ധനമന്ത്രി പറഞ്ഞു.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ടു ശതമാനം കൂട്ടി. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കായി പുതുതായി വാങ്ങുന്ന മറ്റു വാഹനങ്ങളുടെയും നികുതി വര്‍ധിപ്പിച്ചു. അഞ്ചു ലക്ഷം വരെ വിലയുള്ളവയുടെ നികുതി ഒരു ശതമാനവും ഒരു ലക്ഷവും അഞ്ചു മുതല്‍ 15 ലക്ഷം വരെ വിലയുള്ളവയുടെ നികുതി രണ്ടു ശതമാനവുമാണു വര്‍ധിപ്പിച്ചു. 15 ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങളുടെ നികുതിയില്‍ ഒരു ശതമാനമാണു വര്‍ധന. ഇതിലൂടെ 340 കോടി രൂപയുടെ അധിക വരുമാനമാണു പ്രതീക്ഷിക്കുന്നത്.
അതേസമയം, വൈദ്യുതി വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കുറച്ചു. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ വാഹന വിലയുടെ ആറു മുതല്‍ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കുത്. ഇത് ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്കു തുല്യമായി വിലയുടെ അഞ്ച് ശതമാനമായി കുറച്ചു. ഒറ്റത്തവണ നികുതി നിരക്ക് അഞ്ച് ശതമാനമായി കുറച്ചതിനാല്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് നല്‍കുന്ന 50 ശതമാനം നികുതി ഇളവ് ഒഴിവാക്കി.
പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ ഒറ്റത്തവണ സെസ് 100 രൂപയായി വര്‍ധിപ്പിച്ചു. മറ്റു വര്‍ധന: ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ – 200 രൂപ, മീഡിയം മോട്ടോര്‍ വെഹിക്കിള്‍- 300, ഹെവി മോട്ടോര്‍ വെഹിക്കിള്‍- 500. ഇതുവഴി ഏഴു കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.
കോണ്‍ട്രാക്റ്റ് കാര്യേജ്, സ്റ്റേറ്റ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇതുവഴി 28 കോടി രൂപയുടെ വരുമാന നഷ്ടം സര്‍ക്കാരിനുണ്ടാകും.
500 രൂപ മുതല്‍ വിലയുള്ള മദ്യങ്ങള്‍ക്കാണു സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി 500 മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനു കുപ്പിയ്ക്ക് 20 രൂപ വര്‍ധിക്കും. 1000 രൂപയ്ക്കു മുകളിലുള്ളവയ്ക്കു 40 രൂപയും വര്‍ധിക്കും.
വാണിജ്യ, വ്യവസായ യൂണിറ്റുകളുടെ െൈവദ്യുതിത്തീരുവ അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. ഇതുവഴി 200 കോടി രൂപയുടെ അധികവരുമാനമാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനുള്ള വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നു ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ സമഗ്രമായി പരിഷ്‌കരിക്കും. കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് വധിപ്പിക്കും.