തിരുവനന്തപുരം: ഇന്ധനത്തിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വാഹനികുതി വര്‍ധിപ്പിച്ചുമുള്ള ബജറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍.
“കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുന്ന കുറെയേറെ കാര്യങ്ങള്‍ ബജറ്റിലുണ്ട്. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കിട്ടാനും വികസനം വരാനും കാര്‍ഷിക വ്യവസായിക ടൂറിസം മേഖലകള്‍ക്കും ആവശ്യമായവ മുന്നോട്ട് വച്ചിട്ടുണ്ട്,” ധനകാര്യ മന്ത്രി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
“മേക്ക് ഇന്‍ കേരളയ്ക്ക് വേണ്ടി വലിയൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു, വിഴഞ്ഞം പദ്ധതിക്കായി കൃത്യമായ രൂപരേഖ വച്ചിരിക്കുന്നു. ആരോഗ്യ മേഖലയ്ക്ക് പ്രാധന്യം നല്‍കിക്കൊണ്ട് റോഡ് മാപ് തയാറാക്കി, ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍. ദുഷ്കര സാഹചര്യത്തിലും ക്ഷേമ പെന്‍ഷന്‍ നിര്‍ത്താതെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു,” കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
“നികുതിയുടെ കാര്യത്തിലാണ് വിമര്‍ശനം, സാമുഹ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് പെട്രോളിനും മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയത്. വിലക്കയറ്റിത്തിന് വഴിയൊരുക്കുന്ന ഒരു തീരുമാനമല്ല ഇത്. ഇന്ത്യയില്‍ ഏറ്റവും കുറച്ച് വിലക്കയറ്റ നിരക്കുള്ള സംസ്ഥാനമാണ് കേരളം. പ്രത്യേക സ്കീമുകള്‍ ഉള്ളതിനാലാണ് ധാന്യ ഉത്പാദനം ഇല്ലാതിരുന്നിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകുന്നത്,” മന്ത്രി വിശദീകരിച്ചു.
“കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കാരണം കേരളത്തില്‍ 59 ലക്ഷം പേര്‍ക്ക് കൊടുക്കുന്ന ക്ഷേമ പെന്‍ഷന്‍ നിര്‍ത്തേണ്ട സ്ഥിതിയാണിപ്പോള്‍. കേന്ദ്രം അനുവദിക്കേണ്ട തുക വെട്ടിക്കുറയ്ക്കുകയാണ്. 2,700 കോടി വെട്ടിക്കുറച്ചു. 937 കോടി മാത്രമാണ് കിട്ടുന്നത്. അതിനാല്‍ അധിക സെസ് സാമൂഹ്യ സുരക്ഷയ്ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുക,” മന്ത്രി വ്യക്തമാക്കി.
“11,000 കോടി രൂപയാണ് ഒരു വര്‍ഷം പെന്‍ഷന് വേണ്ടി മാത്രം ചിലവാകുന്നത്. അതിന് സെസുകൊണ്ട് ഒന്നുമാകില്ല. ഇതൊരു സീഡ് മണിയായാണ് ഉപയോഗിക്കുന്നത്. വരവ് ചിലവ് ഒത്തുപോകാതെ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ ഒന്നിമില്ലാതാകുന്നതിലും നല്ലത് ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കുന്നതിന് വേണ്ടിയാണ് തീരുമാനം,” മന്ത്രി പറഞ്ഞു.