തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിവില വര്‍ധിക്കും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനുള്ള വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നു ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു.
കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ സമഗ്രമായി പരിഷ്‌കരിക്കും. കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് വധിപ്പിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് ഈ മേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും.
തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് കെട്ടിട നമ്പര്‍ ലഭിച്ച ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്, അപ്പാര്‍ട്ട്മെന്റ് എന്നിവയ്ക്കുള്ള മുദ്രവില രണ്ടു ശതമാനം വര്‍ധിപ്പു. മുദ്രവില നേരത്തെ അഞ്ച് ശതമാനമായി കുറച്ചിരുന്നു. ഇത് ഏഴ് ശതമാനമായാണ് ഉയര്‍ത്തിരിക്കുന്നത്.
ആധാരം രജിസ്റ്റര്‍ ചെയ്ത് മൂന്നു മാസത്തിനകമോ ആറു മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങള്‍ക്കു നിലവിലുള്ള അധിക മുദ്രവില ഒഴിവാക്കും.
ഒരു വ്യക്തിയുടെ ഉടമസ്ഥയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി ഏര്‍പ്പെടുത്തും. പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തുന്ന രീതിയും നടപ്പാക്കും. ഇതുവഴി ആയിരം കോടി രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു.
ജുഡീഷ്യല്‍, കോടതി ഫീസ് വര്‍ധിപ്പിക്കുന്നതിനു ബന്ധപ്പെട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. മാനനഷ്ടം, സിവില്‍ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് കോടതി ഫീസ് ക്ലെയിം തുകയുടെ ഒരു ശതമാനമായി നിജപ്പെടുത്തും. മറ്റു കോടതി വ്യവഹാരങ്ങള്‍ക്കും ഒരു ശതമാനം അധികമായി കോര്‍ട്ട് ഫീ ഏര്‍പ്പെടുത്തും. ഇതിലൂടെ 50 കോടിയുടെ വരുമാനമാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.