scorecardresearch

Kerala Budget 2022: നൈപുണ്യവികസനത്തിന് ഊന്നല്‍; ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍

Kerala Budget 2022: നാല് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. 20 മിനി ഐടി പാര്‍ക്കുകളും സ്ഥാപിക്കും

Kerala budget 2022, IT Parks, Science parks

Kerala Budget 2022: തിരുവനന്തപുരം: നൈപുണ്യവികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. 25 കൊല്ലത്തെ വികസന പദ്ധതി മുന്നില്‍ കാണുന്ന ബജറ്റ് ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രഖ്യാപിക്കുന്നു. വിജ്ഞാനത്തെ ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

ദേശീയപാത 66 ന് സമാന്തരമായിട്ട നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കും നിലവിലുള്ള നാല് ഐടി പാര്‍ക്കുകളില്‍ നിന്നായിരിക്കും ഇടനാഴികള്‍ ആരംഭിക്കുക. ടെക്‌നോ പാര്‍ക്ക് മൂന്നാം ഘട്ടത്തില്‍നിന്ന് കൊല്ലത്തേക്ക്, എറണാകുളത്തുനിന്ന് കൊരട്ടിയിലേക്ക്, എറണാകുളത്തുനിന്ന് ചേര്‍ത്തലയിലേക്ക്, കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് എന്നിവയായിരിക്കും ഇടനാഴികള്‍.

കൊല്ലത്തും കണ്ണൂരും പുതിയ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും. അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള 20 പുതിയ മൈക്രോ ഐടി പാര്‍ക്കുകളും സ്ഥാപിക്കും. ഐടി മേഖലയ്ക്ക് 559 കോടി രൂപ അനുവദിക്കും.

തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാര്‍ട്ട് സിറ്റി മിഷന്‍. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം 2000 വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍.

നാല് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതിന് 1000 കോടി അനുവദിക്കും.

Also Read: Kerala Budget 2022: ഭൂനികുതി കൂട്ടും; ന്യായവിലയില്‍ 10 ശതമാനം വര്‍ധന

തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടി അനുവദിക്കും. മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കിയാണ് പാര്‍ക്ക് സ്ഥാപിക്കുക. 140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കില്‍ കോഴ്‌സുകള്‍ ആരംഭിക്കും. ആഗോള സാമ്പത്തിക സെമിനാറിന് രണ്ടു കോടി അനുവദിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാര്‍ട്ട് സിറ്റി മിഷന്‍.

നോളജ് എക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി ചെലവിൽ ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇവയിൽ ഭാവി സംരംഭകര്‍ക്ക് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വര്‍ഷത്തേക്ക് സബ്‌സിഡിയും മറ്റ് സൗകര്യങ്ങളും അനുവദിക്കും.

ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്റര്‍ സ്ഥാപിക്കും. ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനു തുടക്കം കുറിയ്ക്കും.

Also Read: Kerala Budget 2022: സില്‍വര്‍ലൈന് ഭൂമി എറ്റെടുക്കാന്‍ 2000 കോടി; കെഎസ്ആര്‍ടിസിയ്ക്ക് 1106 കോടി

വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ധിപ്പിക്കാഇ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കും. കാര്‍ഷിക വിഭവങ്ങളില്‍നിന്നു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ മൂല്യവര്‍ധിത കാര്‍ഷിക മിഷന്‍ ആരംഭിക്കും.

മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിങ്, പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ മുതലായവയ്ക്ക് 175 കോടി രൂപ ചെലവില്‍ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍ ആരംഭിക്കും. കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും വിപണനം ചെയ്യാനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കും.

കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താന്‍ സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനത്തില്‍ മാര്‍ക്കറ്റിങ് കമ്പനി ആരംഭിക്കും. അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്‍പ്പടെ ഐടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന .ടി അധിഷ്ഠിത സൗകര്യങ്ങളുള്ള ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി 50 കോടി രൂപ ചെലവില്‍ ആരംഭിക്കും.

2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.

Also Read: Kerala Budget 2022: നാല് സയന്‍സ് പാര്‍ക്കുകള്‍ക്കായി 1000 കോടി; നെല്ലിന്റെ താങ്ങുവില കൂട്ടും

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കും. സര്‍വകലാശാലകള്‍ക്കു 20 കോടി രൂപ വീതം 200 കോടി അനുവദിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി അനുവദിക്കും. സര്‍വകലാശാലകളില്‍ 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ നിര്‍മിക്കാന്‍ കിഫ്ബിയില്‍നിന്ന് 100 കോടി അനുവദിക്കും. 250 അന്താരാഷ്ട്ര ഹോസ്റ്റല്‍ മുറികള്‍ നിര്‍ക്കും.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്കു വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അതു വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപ അനുവദിക്കും.

സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കും. രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5 ജി സംവിധാനം കേരളത്തില്‍ വേഗത്തില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് തയാറാക്കാന്‍ ഉന്നത സമിതി രൂപീകരിക്കും.

ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയ്ക്ക് അഞ്ച് കോടി. അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിച്ച് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി കേരള അതിഥി മൊബൈല്‍ ആപ്പ് പദ്ധതി. പട്ടികജാതി- വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ മെസ് അലവന്‍സ് വര്‍ധിപ്പിക്കും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ എന്‍ജിനീയറിങ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യത യുള്ളവരെ അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍മാരായി രണ്ടു വര്‍ഷത്തേക്കു നിയമിക്കും

Also Read: Kerala Budget 2022: ആരോഗ്യമേഖലയ്ക്ക് 2,629 കോടി; ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala budget 2022 stress on skill development one lakh new job ventures kn balagopal