scorecardresearch
Latest News

Kerala Budget 2022: സില്‍വര്‍ലൈന് ഭൂമി എറ്റെടുക്കാന്‍ 2000 കോടി; കെഎസ്ആര്‍ടിസിയ്ക്ക് 1106 കോടി

ഇടുക്കി, വയനാട്, കാസര്‍ഗോഡ് എയര്‍ സ്ട്രിപ്പ് നിര്‍മാണത്തിന്റെ ഡിപിആര്‍ തയാറാക്കുന്നതിനു 4.51 കോടിയും ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ സാധ്യതാ പഠനത്തിനും ഡിപിആര്‍ തയാറാക്കുന്നതിനുമായി രണ്ടു കോടി രൂപയും അനുവദിക്കും

Kerala Budget 2022: സില്‍വര്‍ലൈന് ഭൂമി എറ്റെടുക്കാന്‍ 2000 കോടി; കെഎസ്ആര്‍ടിസിയ്ക്ക് 1106 കോടി

Kerala Budget 2022: തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കു ഭൂമി എറ്റെടുക്കുന്നതിനായി കിഫ്ബി വഴി 2000 കോടി രൂപ അനുവദിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. കെഎസ്ആര്‍ടിസിയ്ക്ക് 1106 കോടി രൂപ അനുവദിക്കും.

ദേശീയപാത അതോറിറ്റിയുടെ കീഴില്‍ 1.31 ലക്ഷം കോടിയുടെ വിവിധ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതില്‍ സ്ഥലമേറ്റെടുക്കലിന്റെ 25-50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം- അങ്കമാലി എം.സി റോഡിന്റെയും കൊല്ലം-ചെങ്കോട്ട റോഡിന്റെയും വികസനത്തിനായി 1500 കോടി കിഫ്ബി വഴി അനുവദിക്കും. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടിയും റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം കൂടി ചേര്‍ക്കുന്ന പദ്ധതിയ്ക്കു 50 കോടിയും അനുവദിക്കും. ഇരട്ട തുരങ്ക പദ്ധതിയ്ക്കു കിഫ്ബി വഴി 2134.5 കോടി രൂപം തലപ്പാടി-കാരോട് ദേശീയപാതയുടെ സ്ഥലമേറ്റെടുക്കലിനുമായി 6769 കോടി രൂപയും അനുവദിക്കും. കൊച്ചി, കോഴിക്കോട് നഗരങ്ങളുടെ വിവിധ റോഡുകളുടെ വികസന പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഡി.പി.ആര്‍ തയാറാക്കുന്നതിന് അഞ്ച് കോടി.

Also Read: Kerala Budget 2022: ഭൂനികുതി കൂട്ടും; ന്യായവിലയില്‍ 10 ശതമാനം വര്‍ധന

ഇടുക്കി, വയനാട്, കാസര്‍ഗോഡ് എയര്‍ സ്ട്രിപ്പ് നിര്‍മാണത്തിന്റെ ഡിപിആര്‍ തയാറാക്കുന്നതിനു 4.51 കോടിയും ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ സാധ്യതാ പഠനത്തിനും ഡിപിആര്‍ തയാറാക്കുന്നതിനുമായി രണ്ടു കോടി രൂപയും അനുവദിക്കും.

സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പൊതുഗതാഗത സംവിധാനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ വിഭാവനം ചെയ്ത ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി 15 കോടി അനുവദിക്കും. ആദിത്യ മാതൃകയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകളും സോളാര്‍ എനര്‍ജിയിലാക്കും. കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് 500 കോടി രൂപയുടെ വായ്പ അനുവദിക്കും.

സിയാലിനെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ 186 കോടി രൂപയുടെ മൂലധന നിക്ഷേപം. രണ്ടാം കുട്ടനാട് പാക്കേജിനായി 140 കോടി. ഇടുക്കി, വയനാട്, കാസര്‍ഗോഡ് പാക്കേജുകള്‍ക്കായി 75 കോടി വീതം അനുവദിക്കും. ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി അനുവദിക്കും.

Also Read: Kerala Budget 2022: ആരോഗ്യമേഖലയ്ക്ക് 2,629 കോടി; ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും

നെല്ലിന്റെ താങ്ങുവില 28.2 കോടിയായി ഉയര്‍ത്തും. മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും ജീവഹാനി സംഭവിക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി ഏഴു കോടി അനുവദിക്കും. കേരള ഗ്രാമീണ്‍ ബാങ്കിന്റെ അധിക മൂലധന നിക്ഷേപം നടത്തുന്നതിനായി 91.75 കോടി.

1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണു ധനമന്ത്രി അവതരിപ്പിക്കുന്നത്. മൂലധന ചെലവിനായി 14891 കോടിയാണു വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മിയും 3.91 ശതമാനം ധനക്കമ്മിയും 37.18 ശതമാനം പൊതുകടവുമാണ്. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ബജറ്റിനോടൊപ്പം പാരിസ്ഥിതിക ചെലവ് വിവരങ്ങളടങ്ങിയ ‘പരിസ്ഥിതി ബജറ്റ് ‘ അവതരിപ്പിക്കും.

Also Read: Kerala Budget 2022: നൈപുണ്യവികസനത്തിന് ഊന്നല്‍; ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍

വഴിയോര കച്ചവടക്കാര്‍ക്ക്g വെളിച്ചത്തിനും വൈദ്യുതോ പകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സോളാര്‍ പുഷ് കാര്‍ട്ടുകള്‍. 28 കോടി രൂപ ചെലവില്‍ ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ ടെക്‌നോളജി ഹബ്.

കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് വായ്പാ പലിശയിളവ് നല്‍കാനും തൊഴില്‍ നല്‍കുന്നതിനനുസരിച്ച് പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കാനുമായി 30 കോടി. കയര്‍ മേഖലയ്ക്ക് 117 കോടി രൂപ, കയറുല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി 38 കോടി.

സ്‌കൂള്‍ യൂണിഫോമിന് 140 കോടി. കൈത്തറി മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പാദനം സാങ്കേതികവിദ്യാ നവീകരണം എന്നിവ സാധ്യമാക്കാന്‍ 40.56 കോടിയുടെ മാര്‍ക്കറ്റിങ് ഇന്‍സെന്റീവ്.

കെഎസ്ഐഡിസിയുടെ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങള്‍ക്കും രണ്ടു കോടിയുടെ സാമ്പത്തിക സഹായം. സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലെ വാങ്ങലുകളില്‍ മുന്‍ഗണന. ഇതിനായി വെബ് പോര്‍ട്ടല്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala budget 2022 silverline land acquisition ksrtc