തിരുവനന്തപുരം: തോമസ് ഐസക്കിന്റെ ബജറ്റ് അവതരണങ്ങൾക്ക് നിരവധി പ്രത്യേകതകളുണ്ട്. അതിൽ എടുത്തുപറയേണ്ടത് ബജറ്റ് പ്രസംഗങ്ങളിൽ അദ്ദേഹം ചേർക്കുന്ന കവിതകളും ഉദാഹരണങ്ങളുമാണ്. തന്റെ പതിവ് ശൈലിയിൽ തന്നെയാണ് തോമസ് ഐസക് ഇത്തവണയും ബജറ്റ് പ്രസംഗം നടത്തിയത്.

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹയുടെ വരികൾ ഉദ്ധരിച്ചാണ് ഇക്കുറി ബജറ്റ് പ്രസംഗം ആരംഭിച്ചത്. വിദ്യാരംഗം ശിൽപശാലയിൽ കവിതാവിഭാഗത്തിൽ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനിയാണ് സ്‌നേഹ. കോവിഡ് പ്രതിസന്ധിയെ നമ്മൾ അതിജീവിക്കുമെന്നും പ്രതീക്ഷാനിർഭരമായ ഒരു പുലരിയിലേക്ക് പ്രവേശിക്കുമെന്നും അർത്ഥം വരുന്ന മനോഹര വരികളാണ് സ്‌നേഹയുടേത്.

സ്‌നേഹയുടെ കവിത

“നേരം പുലരുകയും
സൂര്യൻ സർവതേജസോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും
നാം കൊറോണയ്‌ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും…”

അതേസമയം, ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ നടത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം. മൂന്ന് മണിക്കൂറും 18 മിനിറ്റുമാണ് ഐസക് ബജറ്റ് പ്രസംഗം നടത്തിയത്. രാവിലെ ഒൻപതിന് ആരംഭിച്ച ബജറ്റ് അവതരണം 12.40 ഓടെയാണ് പൂർത്തിയായത്. സമയം നീണ്ടുപോകുന്നതിനാൽ പല കാര്യങ്ങളും ബജറ്റ് അവതരണത്തിൽ ഒഴിവാക്കേണ്ടിവന്നു. ബജറ്റ് അവതരണം മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ സ്‌പീക്കർ ഇടപെടാൻ ശ്രമിച്ചു. 12.30 ന് സഭ പിരിയണമെന്ന് തോമസ് ഐസക്കിനെ ഓർമിപ്പിച്ചു. സ്‌പീക്കറുടെ നിർദേശം ലഭിച്ചതോടെ ഐസക് ബജറ്റ് പ്രസംഗം ചുരുക്കി. 2013 മാര്‍ച്ച് 13ന് കെ.എം.മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡാണ് തോമസ് ഐസക് ഇന്ന് നിയമസഭയിൽ മറികടന്നത്.

Read Here: കേരള ബജറ്റ് 2021, പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

പിണറായി വിജയൻ സർക്കാരിനു വേണ്ടി തോമസ് ഐസക് അവതരിപ്പിച്ച ആറാം ബജറ്റാണിത്. ധനമന്ത്രിയെന്ന നിലയിൽ തോമസ് ഐസക് അവതരിപ്പിച്ച 12-ാം ബജറ്റ്. നേരത്തെ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആറ് ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം കെ.എം.മാണിക്കൊപ്പമാണ്. ധനമന്ത്രിയായി 13 തവണയാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്. അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ ഇടക്കാല ബജറ്റുണ്ടാകും. ഏപ്രിലിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.