തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ നടത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം. മൂന്നു മണിക്കൂറും 18 മിനിറ്റുമാണ് ഐസക് ബജറ്റ് പ്രസംഗം നടത്തിയത്. 2013 മാര്‍ച്ച് 13ന് കെ.എം.മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡാണ് തോമസ് ഐസക് ഇന്ന് നിയമസഭയിൽ മറികടന്നത്.

രാവിലെ ഒൻപതിന് ആരംഭിച്ച ബജറ്റ് അവതരണം 12.40 ഓടെയാണ് പൂർത്തിയായത്. സമയം നീണ്ടുപോകുന്നതിനാൽ പല കാര്യങ്ങളും ബജറ്റ് അവതരണത്തിൽ ഒഴിവാക്കേണ്ടിവന്നു. ബജറ്റ് അവതരണം മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ സ്‌പീക്കർ ഇടപെടാൻ ശ്രമിച്ചു. 12.30 ന് സഭ പിരിയണമെന്ന് തോമസ് ഐസക്കിനെ ഓർമിപ്പിച്ചു. സ്‌പീക്കറുടെ നിർദേശം ലഭിച്ചതോടെ ഐസക് ബജറ്റ് പ്രസംഗം ചുരുക്കി. ബജറ്റ് പ്രസംഗം നീണ്ടുപോകുന്നതിനെതിരെ പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധമറിയിച്ചു. വെള്ളിയാഴ്‌ച ദിവസങ്ങളില്‍ ഒൻപത് മണിക്ക് സഭ ചേര്‍ന്ന് 12.30ന് അവസാനിക്കണം എന്നതാണ് ചട്ടം എന്ന കാര്യം എം.ഉമ്മര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. എല്ലാ തവണത്തേയും പോലെ നിരവധി കവിതകളാണ് ഐസക്കിന്റെ ബജറ്റ് പ്രംസഗത്തിൽ ഇടംനേടിയത്.

Read Here: കേരള ബജറ്റ് 2021, തത്സമയം

പിണറായി വിജയൻ സർക്കാരിനു വേണ്ടി തോമസ് ഐസക് അവതരിപ്പിച്ച ആറാം ബജറ്റാണിത്. ധനമന്ത്രിയെന്ന നിലയിൽ തോമസ് ഐസക് അവതരിപ്പിച്ച 12-ാം ബജറ്റ്. നേരത്തെ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആറ് ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം കെ.എം.മാണിക്കൊപ്പമാണ്. ധനമന്ത്രിയായി 13 തവണയാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്. അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ ഇടക്കാല ബജറ്റുണ്ടാകും. ഏപ്രിലിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ, ഒറ്റനോട്ടത്തിൽ

ക്ഷേമ പെൻഷൻ 1,600 രൂപയാക്കി

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും

കോവിഡ് വാക്‌സിൻ സൗജന്യം

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് പത്ത് കിലോ അരി 15 രൂപയ്‌ക്ക്

എല്ലാ വീടുകളിലും ലാപ്‌ടോപ്, ദുർബല വിഭാഗങ്ങൾക്ക് പകുതി വിലയ്‌ക്ക് നൽകും

കെ-ഫോൺ പദ്ധതി ജൂലൈയിൽ പൂർത്തിയാക്കും

2021-22 വർഷത്തിൽ എട്ടുലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും

റബറിന്റെ തറവില 170 രൂപയാക്കി

നെല്ലിന്റെ സംഭരണവില 28 രൂപ

നാളികേരത്തിന് 32 രൂപ

കാൻസർ മരുന്നുകൾ ഉൽപാദിപ്പിക്കാൻ കെഎസ്‌ഡിപിയിൽ പ്രത്യേകപാർക്ക്

കാരുണ്യ പദ്ധതി തുടരും

വയോജനങ്ങൾക്ക് മരുന്നുകൾ വീട്ടിൽ എത്തിക്കും

ആശാപ്രവര്‍ത്തകരുടെ അലവന്‍സില്‍ 1,000 രൂപയുടെ വര്‍ധവ്

എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളലും ഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാര്‍മസിയും ഉണ്ടാകും

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ കിടത്തി സഹായം സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നു

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഏപ്രിൽ മുതൽ

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി, 20 ദിവസം ജോലിചെയ്താല്‍ അംഗത്വം

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് പെൻഷൻ 3,000 രൂപ

പ്രളയ സെസ് ജൂലൈയില്‍ നിര്‍ത്തും

അംഗണവാടി ടീച്ചര്‍മാര്‍ക്ക് അലവന്‍സ് 2,000 രൂപ വർധിപ്പിച്ചു

ഇതര സംസ്ഥാന ലോട്ടറി അനുവദിക്കില്ല, കേരള ലോട്ടറി സമ്മാനത്തുക കൂട്ടും

വയനാട് മെഡിക്കല്‍ കോളേജിന് കിഫ്ബിയുടെ 300 കോടി

ലൈഫ് പദ്ധതിയില്‍ ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.