Kerala Budget 2021:  തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് പത്ത് കിലോ അരി 15 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു കിലോ അരിയ്‌ക്ക് ഒന്നര രൂപ എന്ന നിരക്കിലാണിത്. ഏകദേശം 50 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സൗജന്യ ഭക്ഷ്യകിറ്റിനു പുറമേയാണിത്. ഭക്ഷ്യ സബ്‌സിഡിക്ക് 1,060 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു.  ഏപ്രിൽ വരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മറ്റ് പ്രഖ്യാപനങ്ങൾ

സർവകലാശാലയ്ക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് 5 കോടി. സർവകലാശാല അടിസ്ഥാനവികസനത്തിന് കിഫ്ബിയിൽ നിന്ന് 2,000 കോടി രൂപ നൽകും. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി അനുവദിക്കും. 1000 അധ്യാപക തസ്തികകൾ സൃഷ്ടിക്കും, കോളേജുകളിൽ 10 ശതമാനം സീറ്റ് വർധന.

ജോലിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ വായ്പ നൽകും. കെ- ഡിസ്കിന് കീഴിൽ പുതിയ പരിശീലന പദ്ധതികൾ നടപ്പിലാക്കും. 50 ലക്ഷം പേർക്കാണ് കെ- ഡിസ്കിന് കീഴിൽ പരിശീലനം നൽകുക. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിലാണ് ലക്ഷ്യം.

Kerala Budget 2021 Live Updates: ശമ്പള പരിഷ്കരണം ഏപ്രിൽ മുതൽ, കേരള ലോട്ടറി സമ്മാനത്തുക കൂട്ടും

2021-22 ൽ എട്ടുലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി. മൂന്ന് ലക്ഷം തൊഴിൽ അഭ്യസ്തവിദ്യർക്കും അഞ്ച് ലക്ഷം തൊഴിൽ അവസരങ്ങൾ മറ്റുള്ളവർക്കും.

റബറിന്റെ തറവില 170 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപ. നാളികേരത്തിന് 32 രൂപ.

ക്ഷേമ പെൻഷൻ 100 രൂപ കൂടി വർധിപ്പിച്ച് 1,600 ആക്കി. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1,400 ൽ നിന്ന് 1,500 ആക്കി ഉയർത്തിയത്. എല്ലാ മാസവും ക്ഷേമ പെൻഷൻ തുക വീട്ടിലെത്തും.

ഇന്റർനെറ്റ് ഹൈവേ ആരുടെയും കുത്തകയാവില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്. ജൂലൈയിൽ കെ-ഫോൺ പദ്ധതി പൂർത്തീകരിക്കും. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായിരിക്കും. കെ-ഫോൺ ആദ്യ ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. കെ.ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് സർക്കാർ 166 കോടി രൂപ നൽകും.

എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കുമെന്ന് ധനമന്ത്രി. ഇതിനായി ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ് പദ്ധതി കൂടതുല്‍ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക ജാതി- വര്‍ഗ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അന്ത്യോദയ വീടുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്‌ക്ക് ലാപ്‌ടോപ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയുണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.