തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റ് 2021ൽ ഇടംപിടിച്ചത് കുട്ടികളുടെ ചിത്രങ്ങൾ. ബജറ്റ് പ്രസംഗത്തിന്റെയും ജെൻഡർ ബജറ്റിന്റെയും ചിത്രം കാസർഗോഡ് ഇരിയണ്ണി പി.എൽ.പി.എസിലെ ഒന്നാം ക്ലാസുകാരൻ വി.ജീവന്റേതാണ്.
ബജറ്റ് ഇൻ ബ്രീഫ് കവർചിത്രങ്ങളും എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ കവർ ചിത്രവും തൃശൂർ വടക്കാഞ്ചേരി ഗവ.ഗേൾസ് എൽപിഎസിലെ രണ്ടാം ക്ലാസുകാരനായ അമൻ ഷസിയ അജയ് വരച്ചതാണ്. അക്കു എന്ന് വിളിപ്പേരുള്ള ഈ രണ്ടാം ക്ലാസുകാരൻ ബാലസംഘം വടക്കാഞ്ചേരി ടൗൺ യൂണിറ്റ് അംഗമാണ്.
ഇത്തവണ ബജറ്റ് പ്രസംഗത്തിൽ കുട്ടികളുടെ രചനകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ ചിത്രം ഒരു…
Posted by Dr.T.M Thomas Isaac on Friday, January 15, 2021
ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവർ ഇടുക്കി കുടയത്തൂർ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീനന്ദയുടേതാണ്. ബാക്ക് കവർ വരച്ചത് കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർഥി ജഹാൻ ജോബി.
എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ ബാക്ക് കവർ ചിത്രങ്ങൾ തൃശൂർ എടക്കഴിയൂർ എസ്എംവി എച്ച്എസ് എട്ടാം ക്ലാസ് വിദ്യാർഥി കെ.എം.മർവയുടെയും യുഇഎ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി നിയ മുനീറിന്റെയുമാണ്.
കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രമായത് തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അനുജാതിന്റെ അമ്മയും അയല്‍പക്കത്തെ അമ്മമാരും എന്ന ചിത്രമായിരുന്നു.
പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹയുടെ വരികൾ ഉദ്ധരിച്ചാണ് മന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. വിദ്യാരംഗം ശിൽപ്പശാലയിൽ കവിതാവിഭാഗത്തിൽ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനിയാണ് സ്‌നേഹ. കോവിഡ് പ്രതിസന്ധിയെ നമ്മൾ അതിജീവിക്കുമെന്നും പ്രതീക്ഷാനിർഭരമായ ഒരു പുലരിയിലേക്ക് പ്രവേശിക്കുമെന്നും അർത്ഥം വരുന്ന മനോഹര വരികളാണ് സ്‌നേഹയുടേത്.
സ്നേഹയുടെ കവിത
“നേരം പുലരുകയും
സൂര്യൻ സർവതേജസോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും
നാം കൊറോണയ്‌ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും…”
അതേസമയം, ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ നടത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം. മൂന്ന് മണിക്കൂറും 18 മിനിറ്റുമാണ് ഐസക് ബജറ്റ് പ്രസംഗം നടത്തിയത്. രാവിലെ ഒൻപതിന് ആരംഭിച്ച ബജറ്റ് അവതരണം 12.40 ഓടെയാണ് പൂർത്തിയായത്. സമയം നീണ്ടുപോകുന്നതിനാൽ പല കാര്യങ്ങളും ബജറ്റ് അവതരണത്തിൽ ഒഴിവാക്കേണ്ടിവന്നു.
ബജറ്റ് അവതരണം മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ സ്‌പീക്കർ ഇടപെടാൻ ശ്രമിച്ചു. 12.30 ന് സഭ പിരിയണമെന്ന് തോമസ് ഐസക്കിനെ ഓർമിപ്പിച്ചു. സ്‌പീക്കറുടെ നിർദേശം ലഭിച്ചതോടെ ഐസക് ബജറ്റ് പ്രസംഗം ചുരുക്കി. 2013 മാര്‍ച്ച് 13ന് കെ.എം.മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡാണ് തോമസ് ഐസക് ഇന്ന് നിയമസഭയിൽ മറികടന്നത്.